മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത ജന്തർ മന്തർ 2.0 പ്രക്ഷോഭം അടിച്ചമർത്താൻ ഡൽഹി പൊലീസിന്റെ വ്യാപക നടപടി. സിജെപി നേതാക്കളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തും കസ്റ്റഡിയിലെടുത്തും നീക്കി. എന്നാൽ പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഡൽഹിയിൽ ഇതുവരെ 3,000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
ഡൽഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക് എന്നിവരെ വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാനിരുന്ന യൂട്യൂബർ ധ്രുവ് റാഠിയെയും ഗുഡ്ഗാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ച ഇടത് പാർട്ടി നേതാക്കളെയും അഭിഭാഷകരെയും അറസ്റ്റ് ചെയ്ത് നീക്കി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെയും കസ്റ്റഡിയിലെടുത്തു.
അഭിജീത് ദീപ്‌കെ കസ്റ്റഡിയിലായതിനു പിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സിജെപി ഓർഗനൈസേഷൻ ഇൻചാർജ് അജിൻക്യ ഷിൻഡെയെ ചുമതലപ്പെടുത്തിയിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















