മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും. രാവിലെ 10 മണിക്ക് വീണ്ടും സമരം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് എവിടെ തടയുന്നുവോ അവിടെ സമരം നടത്താനാണ് പ്രവർത്തകരുടെ തീരുമാനം. സമരത്തെ കേന്ദ്രസർക്കാർ എങ്ങനെ നേരിടും എന്നാണ് രാഷ്ട്രീയ കേരളവും രാജ്യവും ഉറ്റുനോക്കുന്നത്.
ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു. കസ്റ്റഡിയിൽ എടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെ എന്നതിൽ സൂചന ഒന്നും പോലീസ് പുറത്തുവിടുന്നില്ല.
ഏത് ഏജൻസി ആണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്ന് പോലും വിവരമില്ലെന്ന് സിജെപി പറയുന്നു. അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് നിലവിലെ നേതൃത്വം കത്ത് നൽകി.
ഞായറാഴ്ച അവധി ദിവസമാണെങ്കിലും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുന്നുണ്ട്. ഡൽഹിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ലംഘിച്ചെന്ന് കാണിച്ച് അഭിഭാഷകൻ ശൈലേന്ദ്രമണി തത്രിപാഠി നൽകിയ ഹർജിയും, സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി മേനക ഗുരുസ്വാമി നൽകിയ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.















