ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ (ഒക്ടോബർ 13) പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച(ഒക്ടോബർ 14) വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മലാക്ക കടലിടുക്കിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോടെ(ഒക്ടോബർ 11) ആൻഡമാൻ കടലിൽ പ്രവേശിക്കുകയും, തുടർന്ന് ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
ഇതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മന്നാർ ഉൾക്കടലിനും തെക്കൻ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലവിലുണ്ട്. ഇതിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്നാട്, കർണാടക എന്നിവയിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.













