മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത് സംബന്ധിച്ച് ഇന്ത്യാ സഖ്യം കൂട്ടായ ആലോചനകൾ നടത്തും. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിൽ കാണുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമലംഘനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.
ഡൽഹി അടച്ചുപൂട്ടാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും അത് പോലും സർക്കാർ പാലിക്കുന്നില്ല. ജനാധിപത്യത്തെ മാനിക്കാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ആർ.എസ്.എസുകാരെപ്പോലെ ജനാധിപത്യ ശക്തികളെ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യുകയാണെന്നും രാജ്യത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.













