ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സി.ജെ.പി. നേതാക്കളെ മോചിപ്പിച്ചു. അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചത്.
ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിൻ്റേതാണ് നടപടി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നേതാക്കളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. നേതാക്കളുടെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി, ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് മൂന്ന് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേതാക്കളെ വിട്ടയച്ചെങ്കിലും സമരം ശക്തമായി തുടരുമെന്നും ജന്തർ മന്തറിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംഘ്പരിവാർ വിരുദ്ധ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസും വിട്ടയച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഇന്നലെ ഗുരുഗ്രാം സെക്ടർ 56-ലെ വസതിയിൽ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.















