നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതി സുഹൈൽ സജീവിന്റെ സുഹൃത്ത് ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ നിനവും മിനി കൂപ്പറിൽ ഉണ്ടായിരുന്നു. സുഹൈലിനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയെ നാട്ടുകാർ മർദിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആളെ ഇറക്കി മടങ്ങുകയായിരുന്നു സുഹൈൽ. അതിനിടെ ഇന്നലെ വൈകുന്നേരം മുതൽ കൊച്ചിയിലെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു.വാഹനത്തിൽ നിന്ന് രാസലഹരി ഉപയോഗം സംശയിക്കുന്ന സാധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഓൺലൈൻ വസ്ത്രം വ്യാപാരം സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലാണ് മിനി കൂപ്പർ, പ്രതിക്കെതിരെ നരഹത്യ കുറ്റം ചുമത്തി.
Story Highlights : Nedumbassery road accident: Suhail Sajeev’s friend also arrested















