ആമിര്‍ഖാന്റെ അനന്തരവളും നടിയുമായ സയ്ന്‍ മേരി ഖാന് മുംബൈ പോലീസിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് ലാത്തികൊണ്ട് അടിച്ച് ശരീരത്തിലുണ്ടായ ചതവിന്റെ പാടുകള്‍ സയ്ന്‍ ഇന്‍സ്റ്റ്ഗ്രാം വിഡിയോയിലൂടെ തുറന്നുകാട്ടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ഇവരെ പൊലീസ് മര്‍ദ്ദിച്ചത്. കൈകള്‍, വിരലുകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നുണ്ട്. ഇത് വിഡിയോയില്‍ കാണാം. ക്യാമറയില്‍ നോക്കി ‘ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനനില്ല’ എന്ന് സയ്ന്‍ പറയുന്നു. ഡമോക്രസി ഫിറ്റ് ചെക്ക് എന്ന് വിഡിയോയില്‍ കുറിക്കുന്നു.
ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍, കൂട്ടുകാരി ലേഖ വാഷിങ്ടണ്‍ എന്നിവര്‍ക്കൊപ്പമാണ് സി.ജെ.പി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സയ്ന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്. തന്നെയും ഇമ്രാന്‍ ഖാനെയും പൊലീസ് കസ്റ്റഡയില്‍ എടുക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സയ്ന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മന്‍സൂര്‍ ഖാന്റെ മകളും സൂപ്പര്‍ താരം ആമിര്‍ ഖാന്റെ അനന്തരവളുമാണ് സയ്ന്‍. നടന്‍ ഇമ്രാന്‍ ഖാന്‍, ജുനൈദ് ഖാന്‍ എന്നിവര്‍ കസിന്‍സാണ്. ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നു മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. അതേസമയം, എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നൊന്നും പൊലീസുകാര്‍ അറിയിച്ചിരുന്നില്ലെന്നും വാനിലുണ്ടായിരുന്നവര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോള്‍ റോഡിലുള്ളവരും ഏറ്റുവിളിച്ചെന്നും സയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒടുവില്‍ മൂന്നുപേരെയും എത്തിച്ചുവെന്നും എന്തിനാണ് ഇവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ക്ക് മറുപടി ഉണ്ടായില്ലെന്നും സയ്ന്‍ പറയുന്നു. തങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്തെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു.
രണ്ട് മിനിറ്റ്, ഇപ്പോള്‍ പറയാമെന്ന് പറഞ്ഞ് ഫോണെടുത്ത അദ്ദേഹം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫോണ്‍ താഴെ വച്ചത്. മണിക്കൂറുകളോളം പൊലീസ് വാനില്‍ നഗരത്തിലൂടെ കറക്കിയെന്നും ഒടുവില്‍ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങള്‍ സ്റ്റേഷന്‍ വിട്ടതെന്നും സയ്ന്‍ കൂട്ടിച്ചേര്‍ത്തു.















