അത്യാധുനിക ആണവ മിസൈലുകളും ഹൈപ്പര്‍സോണിക് ആയുധങ്ങളും അണിനിരത്തിക്കൊണ്ട് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പുതിയൊരു പ്രതിരോധ മ്യൂസിയം തുറന്നിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന മ്യൂസിയം അണേരിക്കയോടുള്ള വെല്ലുവിളി കൂടിയാണ്. മ്യൂസിയം തുറന്നതിനു പിന്നാലെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളും നടത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് നോര്‍ത്ത് കൊറിയ. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാം തവണയാണ് രാജ്യം സമാനമായ രീതിയില്‍ മിസൈലുകള്‍ പരീക്ഷിച്ചിരിക്കുന്നത്. പുതിയ ആയുധങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം കിഴക്കന്‍ തീരത്തുനിന്ന് ഉത്തര കൊറിയ രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഇതില്‍ രണ്ടാമത്തെ മിസൈല്‍ ഏതാണ്ട് 910 കിലോമീറ്റര്‍ ദൂരപരിധിയിലധികം സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറെഗുലര്‍ ട്രാജക്ടറിയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ഈ മിസൈലുകള്‍ എന്നതിനാല്‍ ഇവയെ പ്രതിരോധിക്കുക എന്നത് റഡാറുകള്‍ക്കും വെല്ലുവിളിയാണ്. ദക്ഷിണ കൊറിയയുടെ പുതിയ ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ പരീക്ഷണത്തിനുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ അടിയന്തര ഫോണ്‍ സംഭാഷണം നടത്തി സാഹചര്യം വിലയിരുത്തി.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ദക്ഷിണ കൊറിയ ശക്തമായി അപലപിച്ചു. മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ, ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 81-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് പുതിയൊരു മ്യൂസിയം (National Defense Revolution Museum) ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തു. രഹസ്യമായി ഭൂഗര്‍ഭ തുരങ്ക സമാനമായ രീതിയില്‍ നിര്‍മ്മിച്ച ഈ മ്യൂസിയത്തില്‍ അത്യാധുനിക ‘ഹവാസോങ്-20’ (Hwasong-20) ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകള്‍ (ICBM), അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍, ഡ്രോണുകള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുണ്ട്.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഈ ആയുധ ശേഖരമെന്ന് കിം ജോങ് ഉന്‍ അവകാശപ്പെട്ടു. ഒന്നിലധികം വാര്‍ഹെഡുകള്‍ ഘടിപ്പിക്കാന്‍ കഴിയുന്ന (MIRV) സാങ്കേതികവിദ്യയും ഉത്തര കൊറിയ ഇപ്പോള്‍ സജീവമായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അടുത്ത മാസം ഏഷ്യ സന്ദര്‍ശിക്കാനിരിക്കെയും, എപെക് (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കെയും കിം ജോങ് ഉന്നുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്യോങ്യാങ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്‍പ് സ്വന്തം പ്രതിരോധ ശേഷി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് കിം ജോങ് ഉന്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.















