സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരായ റോബര്‍ട്ട് ഇ ഹാളും മൈക്കിള്‍ വുഡ്ഫോര്‍ഡും അര്‍ഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള പഠനമികവിനാണ് പുരസ്‌കാരം. സാമ്പത്തിക ഗവേഷണത്തിന് ഇരുവരും നല്‍കിയ സംഭാവനകളെ അംഗീകരിച്ചാണ് നൊബേല്‍ നല്‍കിയത്.
സമ്പദ്വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകളെ നേരിടാനും തീവ്രത കുറയ്ക്കുന്നതിനും ആവശ്യമായ ധനനയ നടപടികള്‍ സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ക്കും സര്‍ക്കാരുകളും സഹായകരമായ സാമ്പത്തിക മാതൃകകള്‍ ഈ രണ്ട് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി നൊബേല്‍ സമ്മാന സമിതിയുടെ ചെയര്‍മാന്‍ ജോണ്‍ ഹാസ്ലര്‍ പറഞ്ഞു.
റോബര്‍ട്ട് ഇ. ഹാള്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ പ്രഫസറായി സേവനം അനുഷ്ടിക്കുകയാണ്. കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറാണ് മൈക്കിള്‍ വുഡ്ഫോര്‍ഡ്. സമ്പദ്വ്യവസ്ഥകള്‍ മാറ്റങ്ങളോട് പ്രതികരിക്കുന്ന വിധത്തെ കുറിച്ചും കൂടുതല്‍ സ്ഥിരത നേടുന്നതിനായി ചെയ്യേണ്ടതിനെ കുറിച്ചുമുള്ള ഗവേഷണങ്ങളിലാണ് റോബര്‍ട്ട് ഇ ഹാളും മൈക്കിള്‍ വുഡ്ഫോര്‍ഡും പഠനം കേന്ദ്രീകരിച്ചത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ പ്രഖ്യാപിച്ചത്.















