നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത. ജയിൽച്ചട്ടം 324 പ്രകാരമാണ് ഇത്തരമൊരു കരുതൽ എന്നാണ് പോലീസിന്റെ വിശദീകരണം.
ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961-ലെ കേരള ബോസ്റ്റൽ സ്‌കൂൾസ് നിയമത്തിൽ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്ന് ജയിൽച്ചട്ടത്തിലും പറയുന്നു. റിമാൻഡ് പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിലാണ് ദുരൂഹത. ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിനെതിരേ അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ശിക്ഷിക്കപ്പെടുന്ന കുട്ടികൾക്ക് വ്യവസായ പരിശീലനമടക്കം നൽകി ശരിയായ പാതയിലേക്ക് എത്തിക്കുകയാണ് ബോസ്റ്റൽ സ്‌കൂളുകളുടെ ലക്ഷ്യം. കുറഞ്ഞത് രണ്ടുവർഷത്തേക്ക് ശിക്ഷിക്കുമ്പോഴാണ് കോടതി ഉത്തരവ് പ്രകാരം ബോസ്റ്റൽ സ്‌കൂളിലേക്ക് വിടേണ്ടതെന്നും നിയമത്തിൽ പറയുന്നു. ചട്ടത്തിന്റെയോ സർക്കുലറിന്റെയോ പേരിൽ റിമാൻഡ് ചെയ്ത ഈ പ്രായത്തിലുള്ളവരെ ബോസ്റ്റൽ സ്‌കൂളിലേക്ക് വിടാനാകില്ലെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയവരോട് എല്ലാം തന്റെ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ വെല്ലുവിളിയോടെ പറഞ്ഞിരുന്നു.















