ന്യൂനമർദ്ദ സാന്നിധ്യം ശക്തമാകുന്നതോടെ കേരളത്തിൽ ഒക്ടോബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒക്ടോബർ 15, 16 തീയതികളിൽ (വ്യാഴം, വെള്ളി) സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇതിന് മുന്നോടിയായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങും.
ഇതിന് പുറമെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാഹചര്യവും കേരളത്തിൽ മഴ കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.
മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴിയും തെക്കൻ ആൻഡമാൻ കടലിന് മുകളിലെ ചക്രവാതച്ചുഴിയുമാണ് മഴ മുന്നറിയിപ്പിന് കാരണം. ഇതിന്റെ സ്വാധീനഫലമായി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉടൻ തന്നെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.















