ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണറെ രാഷ്ട്രപതി നിയമിച്ചതോടെ കേരളത്തിലേക്ക് വണ്ടി കയറിയിരിക്കുകയാണ് ഒ.പി. മാഥൂര്‍ എന്ന ഓംപ്രകാശ് മാഥൂര്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലത്തെല്ലാം ശക്തരായ ആര്‍.എസ്.എസ്. സംഘപരിവാര്‍ മുഖങ്ങളാണ് ലോക്ഭവനില്‍ എത്തിയിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ രാജേന്ദ്ര ആര്‍ലേക്കര്‍. ഇപ്പോള്‍ ഓംപ്രകാശ് മാഥൂറും. പഴയ ഗവര്‍ണര്‍ മുഖം മാറി പുതിയ മുഖം വരുമ്പോള്‍ സ്വാഭാവികമായും കേരളം ചിന്തിക്കുന്നത്, എങ്ങനെയായിരിക്കും ലോക്ഭവന്‍ ഇടപെടുന്നതെന്നാണ്. കേരളത്തിലെ സര്‍ക്കാരികളും ഗവര്‍ണര്‍മാരും അടുത്തകാലത്തായി നിരന്തരം സംഘര്‍ഷങ്ങളില്‍ ആയിരുന്നുവെന്നത് വസ്തുതയാണ്.
അതുകൊണ്ട് പുതിയ മാറ്റത്തിനെ എങ്ങനെയായിരിക്കും കേരളവും രാഷ്ട്രീയവും ഏറ്റെടുക്കുന്നതെന്ന് കാത്തിരുന്നു കാണണം. ബി.ജെ.പി രാഷ്ട്രീയത്തില്‍ അഞ്ചു പതിറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള വ്യക്തി കൂടിയാണ് മാഥൂര്‍ എന്ന് വായിച്ചെടുക്കുമ്പോള്‍ കേരളത്തിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒറ്റ ചോദ്യമേയുള്ളൂ. ആരാണ് ഓംപ്രകാശ് മാഥൂര്‍. അറിയാനുള്ള തിരക്കിട്ട നീക്കങ്ങളും, ചര്‍ച്ചകളും നടക്കുകയാണ്. നിയമസഭാ സമ്മേളം തുടങ്ങിയതോടെ സമാജികര്‍ പരസ്പരം ചോദിക്കുന്നുണ്ട്. മാത്രമല്ല, ബി.ജെ.പി സാമാജികരോടും അന്വേഷിക്കുന്നവരുണ്ട്. മാഥൂറിന്റെ ജീവ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും ഗൂഗിളിനോട് ചോദിക്കുന്നവരണ് ഏറെയും. എങ്കിലും അറിയാതെ പോകുന്നവര്‍ക്ക് ഇവിടെ അറിയാം. ആരാണ് ഓംപ്രകാശ് മാഥൂര്‍ എന്ന്.
ആരാണ് ഒ.പി. മാഥൂര്‍
കേരളത്തിന്റെ പുതിയ ഗവര്‍ണറാണ് ഓംപ്രകാശ് മാഥൂര്‍(ഓ.പി. മാഥൂര്‍). 2026 ഒക്ടോബര്‍ 12ന്, അതായത് ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തെ കേരള ഗവര്‍ണറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. സിക്കിം ഗവര്‍ണര്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം കേരള ലോക്ഭവന്റെ അമരത്തേക്ക് എത്തുന്നത്. നിലവിലെ കേരള ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ തമിഴ്നാട് ഗവര്‍ണറായി മാറ്റുകയും ചെയ്തു. 1952 ജനുവരി 2ന് രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഓംപ്രകാശ് മാഥൂരിന്റെ ജനനം. 1972 ല്‍ തന്റെ ഇരുപതാം വയസ്സില്‍ ആര്‍എസ്എസ് മുഴുവന്‍സമയ പ്രചാരകനായി പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം 1975 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ടു. 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
പിന്നീട് ആര്‍എസ്എസില്‍ നിന്ന് ബിജെപിയുടെ സജീവ രാഷ്ട്രീയത്തിലേക്ക് മാറിയ അദ്ദേഹം പാര്‍ട്ടിയുടെ നിര്‍ണായകമായ പല തന്ത്രങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ 2002 വരെ ബിജെപി രാജസ്ഥാന്‍ ജനറല്‍ സെക്രട്ടറിയായും, 2008-09 കാലയളവില്‍ ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദീര്‍ഘകാലം അവിടുത്തെ ബി.ജെ.പി സംഘടനാ ചുമതല മാഥൂറിനായിരുന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്തു. 2008-2014, 2016-2022 എന്നീ കാലയളവുകളില്‍ രാജസ്ഥാനെ പ്രതിനിധീകരിച്ച് രണ്ടുതവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി 2024 ജൂലൈയിലാണ് സിക്കിം ഗവര്‍ണറായി ആദ്യമായി ഭരണഘടനാ പദവിയിലെത്തുന്നത്. സിക്കിമിലെ മികച്ച പ്രവര്‍ത്തന പരിചയത്തിനു ശേഷമാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായുള്ള നിയോഗം. ദേശീയതലത്തില്‍ ശ്രദ്ധേയനായ മുതിര്‍ന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ കേരളത്തിന്റെ ഗവര്‍ണറായി എത്തുമ്പോള്‍ അത് സംസ്ഥാന നേതാക്കളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്
ഇദ്ദേഹത്തോടൊപ്പം മാറ്റം കിട്ടിയ ഗവര്‍ണര്‍മാര്‍ ഇവരാണ്. ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും, ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും, സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെയും നിയമിച്ചു. 2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്. കേരള ഗവര്‍ണറായിരുന്ന ആരിഫ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കിയതോടെയാണ് ബിഹാര്‍ ഗവര്‍ണറായ അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചത്. ഭാരതാംബ ചിത്രത്തെ ചൊല്ലിയും വന്ദേമാതരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലപ്പോഴായി കൊമ്പുകോര്‍ത്തിരുന്നു.
സിക്കിം ഗവര്‍ണര്‍ പദവിയില്‍ നിന്ന് കേരളത്തിലേക്ക് എത്തുമ്പോള്‍, സംസ്ഥാന സര്‍ക്കാരും ലോക്ഭവനും തമ്മിലുള്ള ഭാവി ബന്ധം എങ്ങനെയായിരിക്കും എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. നയപ്രഖ്യാപന പ്രസംഗങ്ങള്‍, ബില്ലുകളില്‍ ഒപ്പുവെക്കല്‍, സര്‍വകലാശാലാ നിയമനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ മുന്‍കാലങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ പുതിയ ഗവര്‍ണറുടെ വരവോടെ വീണ്ടും കത്താനാണ് സാധ്യത. ഉത്തരേന്ത്യന്‍ സംഘടനാ ശൈലി കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എത്രമാത്രം തലവേദനയാകുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ വീക്ഷിക്കാന്‍ രാജ്ഭവനില്‍ കടുത്ത സംഘപരിവാര്‍ പ്രതിനിധി എത്തുമ്പോള്‍ ഭരണം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞല്ല, മറിച്ച് ഉറച്ച ആശയബോധവുമായാണ് പുതിയ ഗവര്‍ണര്‍ എത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ലോക്ഭവനും സെക്രട്ടേറിയറ്റും തമ്മിലുള്ള വരുംകാല ബന്ധങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ഈ നിയമനം നല്‍കുന്നത്.