മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് തോൽവിയിൽ എസ്ഐആറിനെ പഴി പറഞ്ഞിട്ട് കാര്യമില്ല. ബിജെപിയുടെ ജന പിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. എസ്ഐആർ പ്രക്രിയ തുടങ്ങും മുൻപും കോൺഗ്രസ് തോറ്റിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റ് സ്ഥലങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന് എസ്ഐആർ കാരണമായോ എന്ന് അമിത് ഷാ ചോദിച്ചു.
നിലവിലെ എസ്.ഐ.ആർ. നടപടികൾ 2024-ന് ശേഷമാണ് തുടങ്ങിയതെങ്കിലും, രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി വൻ വിജയം നേടിയിരുന്നു. 44-ൽ 38 സീറ്റുകളും ബിജെപി വിജയിച്ചു. കൂടാതെ, താര, ഓഖ മുനിസിപ്പാലിറ്റികളിലെ ഭരണവും ബിജെപി നിലനിർത്തി.
പശ്ചിമ ബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ‘ദശാബ്ദങ്ങളായി’ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിപുരയിൽ കഴിഞ്ഞ 33 വർഷമായി ഒരു കോൺഗ്രസ് മുഖ്യമന്ത്രിയും വിജയിച്ചിട്ടില്ല. ബംഗാളിൽ 54 വർഷമായി കോൺഗ്രസ് പാർട്ടിക്ക് വിജയം നേടാനായിട്ടില്ല. ബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടി പരാജയം നേരിടുന്നുവെന്നും ഇത് എസ്ഐആറു കൊണ്ടാമോയെന്ന് അദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം സംയുക്തമായി വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ വിമർശനം.
Story Highlights : Amit Shah counters Rahul Gandhi’s allegations against EC















