സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ വഴി സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ പിങ്ക് ചിട്ടികള്ക്ക് തുടക്കമായി. നിയമസഭാ മീഡിയാ റൂമില് നടന്ന ചടങ്ങില് മുഖ്യമന്ത്രി വി ഡി സതീശന് ആണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വനിതകള്ക്കും ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കും മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്.
ദിനംപ്രതിയുള്ള ചെറിയ തുകകളോ, ചെലവുകള് ചുരുക്കി ഉണ്ടാക്കുന്ന സമ്പാദ്യമോ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു തുകയായി മാറ്റാന് സ്ത്രീകളെ സഹായിക്കുകയാണ് സംസ്ഥാന സര്ക്കാരിന്റെ സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഇതുവഴി ഉറപ്പാക്കാന് കഴിയുമെന്ന് സര്ക്കാര് അവകാശപ്പെടുന്നു. പ്രതിമാസം 1,500 രൂപ മുതല് 5,000 രൂപ വരെ തവണ അടച്ച് പദ്ധതിയില് അംഗമാകാം. സംസ്ഥാന സര്ക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടിയുള്ള പദ്ധതിയാണിത്. ബാങ്കുകളുടെ ആവര്ത്തന നിക്ഷേപ പദ്ധതികളേക്കാള് (ആര്ഡി) ഉയര്ന്ന ലാഭവിഹിതം ലഭിക്കുമെന്നാണ് കെഎസ്എഫ്ഇയുടെ അവകാശവാദം.
30 മാസം മുതല് 60 മാസം വരെയുള്ള കാലാവധികളിലാണ് ചിട്ടികള് ലഭ്യമാകുക. ദൈനംദിന ചെലവുകളില്നിന്ന് ചെറിയ തുകകള് മാറ്റിവെച്ച് സുരക്ഷിതമായ നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന് സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പിങ്ക് ചിട്ടിയുടെ പ്രധാന ലക്ഷ്യം. പിങ്ക് ചിട്ടിയില് അംഗങ്ങള്ക്ക് ലാഭവിഹിതത്തിലൂടെ അധിക സാമ്പത്തിക നേട്ടവും ലഭിക്കും.
ഓരോ മാസവും ഒരു അംഗം ലേലത്തിലൂടെ ചിട്ടി സ്വന്തമാക്കുമ്പോള് ലഭിക്കുന്ന കിഴിവ് തുകയില്നിന്ന് ഫോര്മാന് കമ്മീഷന് കുറച്ചശേഷമുള്ള തുക മറ്റ് അംഗങ്ങള്ക്കായി തുല്യമായി വീതിച്ചുനല്കും. കൃത്യസമയത്ത് തവണകള് മുടങ്ങാതെ അടയ്ക്കുന്ന വരിക്കാര്ക്ക് 10, 30, 59 എന്നീ തവണകള് പൂര്ത്തിയാകുമ്പോള് 500 രൂപ വീതം ക്യാഷ്ബാക്ക് ലഭിക്കും. തുക നേരിട്ട് ചിട്ടി അക്കൗണ്ടിലേക്ക് നല്കും. ഇതുവഴി ആകെ 1,500 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യം നേടാനാകും. ചടങ്ങില് 2025-26 സാമ്പത്തിക വര്ഷത്തെ കെഎസ്എഫ്ഇ ഗ്യാരന്റി കമ്മിഷന്റെ രണ്ടാം ഗഡുവായ 110.04 കോടി രൂപയുടെ ചെക്ക് മാനേജിങ് ഡയറക്ടര് പിഎന് അഭിലാഷ് മുഖ്യമന്ത്രിക്ക് കൈമാറി.















