ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഈ മാസം 20 വരെ നീട്ടി എയര് ഇന്ത്യയും, എയര് ഇന്ത്യ എക്സ്പ്രസും. വിസ കാലാവധി തീര്ന്ന പ്രവാസികളില് നിന്ന് പിഴ ഈടാക്കില്ലെന്നും, സര്വീസുകള് സാധാരണ നിലയിലാകുമ്പോള് നാട്ടിലേക്ക് മടങ്ങാമെന്നും ഇന്ത്യന് എംബസി അറിയിച്ചിട്ടുണ്ട്.റിയാദ്, ദമാം, ജിദ്ദ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സര്വീസുകളാണ് പൂര്ണമായും റദ്ദാക്കിയത്. എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസുമാണ് സര്വീസുകള് ഒക്ടോബര് 20 വരെ നീട്ടിയത്. ഇന്ഡിഗോ സര്വീസുകള് ഒക്ടോബര് 24 വരെയും നിര്ത്തിവെച്ചിട്ടുണ്ട്. ആകാശ എയര് റിയാദ് സര്വീസ് ഒക്ടോബര് 24 വരെയും ജിദ്ദ സര്വീസ് ഒക്ടോബര് 21 വരെയും റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാര്ക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ വാങ്ങാം. അല്ലെങ്കില് മറ്റ് തീയതികളിലേക്ക് ഫ്ലൈറ്റ് ബുക്കിംഗ് സൗജന്യമായി മാറ്റാം. സൗദി എയര്ലൈന്സ്, ഫ്ലൈ നാസ് എന്നീ കമ്പനികള് മറ്റ് വിമാനത്താവളങ്ങള് വഴി ഭാഗികമായി സര്വീസ് നടത്തുന്നുണ്ട്. റിയാദ് വിമാനത്താവളം പൂര്ണമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം, സൗദിയിലെത്തിയ പലരുടെയും വിസാ കാലാവധി വിമാനങ്ങള് തടസപ്പെട്ടത് മൂലം തീര്ന്നിട്ടുണ്ട്. ഇവര്ക്ക് വിമാന സര്വീസുകള് പുനരാരംഭിക്കുമ്പോള് നാട്ടിലേക്ക് മടങ്ങാം. വിസാ കാലാവധി കഴിഞ്ഞതിന് ഇവരില് നിന്ന് പിഴ ഈടാക്കില്ലെന്ന് ഇന്ത്യന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഉംറ, വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകളില് എത്തിയവര് എംബസിയുമായോ കോണ്സുലേറ്റുമായോ ബന്ധപ്പെടണമെന്ന് നിര്ദേശമുണ്ട്. നാട്ടില് നിന്ന് ഉംറയ്ക്കായി സൗദിയിലേക്ക് വരാന് കാത്തിരിക്കുന്നവര് യാത്രാ ഷെഡ്യൂള് പുനഃപരിശോധിക്കണമെന്ന് ഇന്ത്യന് കോണ്സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : Air India extends cancellation of Saudi Arabia flights till October 20















