നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വിധിപറയുക. ഇന്നലെ വൈകിട്ട് ഏഴുവരെ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്. തങ്ങൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രഥമദൃഷ്ട്യാ തന്നെ പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
നരഹത്യ ചുമത്താൻ എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ വാർത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും അതിനാൽ ഇതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മൂന്നുപേർ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു.
നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ഉന്നയിച്ചതോടെ അവർ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.