മാസപ്പടി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. നിലവിലുള്ള നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ നിയമനടപടികളും ചൂണ്ടിക്കാട്ടിയായിരിക്കും അദ്ദേഹം ഹാജരാകാതിരിക്കുകയെന്നാണ് ലഭ്യമാകുന്ന സൂചന.
പിണറായിക്കെതിരെയുള്ള കേസിൽ പ്രത്യേകം അന്വേഷണം ഉണ്ടാകുമെന്നും, കുറ്റപത്രത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്നും, ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം മുന്നോട്ട് പോവുകയെന്നും അറിയുന്നു.
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര ഇക്കാര്യം കോടതിയെ അറിയിച്ചത്.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, അതിന് സാധിച്ചില്ലെങ്കിൽ ഈ മാസം 26-ന് കേസ് പരിഗണിക്കാമെന്ന് അറിയിച്ചു.
കേസിൽ ഏജൻസികൾ അറസ്റ്റിന് സാധ്യതയുണ്ടെന്നും എത്രയും വേഗം വാദം കേൾക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചെങ്കിലും, കോടതി അടിയന്തര വാദത്തിനുള്ള ആവശ്യം പൂർണ്ണമായി അംഗീകരിച്ചില്ല.















