ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തനിക്കെതിരെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ആർ. ശ്രീലേഖ രംഗത്തെത്തി.
സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ ആരോപിച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ് മാത്രമാകുന്ന അവസ്ഥയിൽ, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാനത്തിന് കേസെടുക്കുന്നത് എങ്ങനെയെന്നാണ് അവർ ചോദിക്കുന്നത്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസാണെന്നും, എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അത് കലാപാഹ്വാന കേസാക്കി മാറ്റുന്നുവെന്നുമാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണെന്ന രീതിയിൽ ശ്രീലേഖ പരാമർശം നടത്തിയിരുന്നു.
ഈ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനലൂർ പോലീസ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്.















