മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ ക്ഷേത്രത്തിന്റെ പുറംമതിലും പ്രവേശനകവാടവും തകർന്നു. പുലർച്ചെ 1.30ഓടെയാണ് അപകടം. ചിനോർ ഭാഗത്തുനിന്ന് നെല്ലുമായി എത്തിയ ട്രക്ക് ചരിവുള്ള റോഡിൽ നിയന്ത്രണം വിട്ട് ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന സ്ഥലത്ത് പൊലീസ് ട്രക്ക് തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയ വാഹനം ക്ഷേത്രത്തിന്റെ മതിലിലും കവാടത്തിലും ഇടിച്ചുകയറി.ക്ഷേത്രത്തിലേക്ക് നിരവധി ഭക്തർ എത്തിയിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഗ്വാളിയോർ സീനിയർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
റോഡിലുണ്ടായിരുന്ന ഭക്തർ ട്രക്കിനടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.അപകടത്തിൽപ്പെട്ട 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതിൽ 12 പേർ മരിച്ചു. ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടവിവരം ലഭിച്ചയുടൻ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കാൻ ആശുപത്രികളിൽ സി.ടി സ്കാനുകളും എക്സ്-റേ പരിശോധനകളും നടത്തിവരികയാണെന്ന് കലക്ടർ പറഞ്ഞു.















