ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ നാളെ പുലർച്ചെ മുംബൈയിലെത്തിക്കും. പ്രതികൾക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായുള്ള ബന്ധം സ്ഥിരീകരിക്കാനുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. അതേസമയം സൽമാൻ ഖാനും ടൈഗർ ഷ്റോഫിനും പൊലീസ് സുരക്ഷ കൂട്ടി. രാവിലെ 10 മണിയോടെയാണ് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈ പോലീസ് സംഘം യാത്ര തിരിച്ചത്. പുലർച്ചെ രണ്ടുമണിയോടെ മുംബൈയിലെത്തും. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.
പ്രതികൾക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായുള്ള ബന്ധം സ്വീകരിക്കാനുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. കൊട്ടേഷൻ അഡ്വാൻസായി 37,000 രൂപ രൂപ പ്രതികൾക്ക് കിട്ടിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക കൈമാറിയത് ആരെന്ന് കണ്ടെത്തണം. ആക്രമണശേഷം വിദേശത്ത് താമസസൗകര്യം ഒരുക്കാം എന്നായിരുന്നു പ്രതികൾക്ക് കിട്ടിയ വാഗ്ദാനം. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് ആദ്യം സൂചന ഉണ്ടായിരുന്നെങ്കിലും പിന്നീട് പോലീസ് അത് നിഷേധിച്ചു. രണ്ട് ഹരിയാന സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണ് രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്.
ഹരിയാന സ്വദേശികൾക്ക് 18 വയസ്സും ബിഹാർ സ്വദേശിക്ക് 22 വയസ്സും മാത്രമേ പ്രായമുള്ളമുള്ളൂ. 18 വയസ്സുള്ള രേഹാനും, ഫൂൽ സിംഗും ദിവസവേതനക്കാരാണ്. മുംബൈയിൽ ബൈക്ക് ടാക്സി ഓടിക്കുകയായിരുന്നു ഹൃതിക് മഹതോയാണ് മൂന്നാമത്തെ പ്രതി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണശേഷം അന്ധേരിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം റെയിൽവേ സ്റ്റേഷനിലേക്കാണ് ആദ്യം പ്രതികൾ എത്തിയത്. അവിടെനിന്ന് ടാക്സി വിളിക്കാനായി മൊബൈൽ ഫോൺ ഓൺ ആക്കി.ഇതാണ് പ്രതികളിലേക്ക് എത്താൻ പോലീസിന് സഹായിച്ച ആദ്യ ഘടകം. ടാക്സിയിൽ സൂറത്ത് വരെയെത്തി. അവിടെനിന്നാണ് പൂനെ ജയ്പൂർ എക്സ്പ്രസിൽ കയറിയത്. ജയ്പൂരിൽ ഇറങ്ങി ഡൽഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു പദ്ധതി.
Story Highlights : Tiger Shroff attack case accused to be brought to Mumbai tomorrow















