ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്നുവെന്നും ഇത് ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള മാച്ചാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങൾ വലിയ ഭീഷണി നേരിടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്യുന്നു.
ആർഎസ്എസ് ബിജെപി അജണ്ട നടപ്പിലാക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആർഎസ്എസ് ബിജെപി അജണ്ട നടപ്പിലാക്കാൻ നേതൃത്വം നൽകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഭരണാധികാരികളെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾ ആണ് എന്നുള്ളതാണ്. പക്ഷെ ഇവിടെ ജനങ്ങളുടെ അധികാരം ഒഴിവാക്കാനാണ് നീക്കം നടത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
13 കോടിയിലധികം ആളുകളുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത് ഇത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു അംഗങ്ങൾ അംഗീകരിക്കാത്ത നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ജനാധിപത്യം വലിച്ചെറിയപ്പെട്ടിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വോട്ട് അവകാശം നിഷേധിക്കുന്നത് ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയാൽ ആയിരക്കണക്കിന് ജന്തർ മന്തറുകളിനിയും ഉണ്ടാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Highlights : pinarayi vijayan gyanesh kumar resignation march















