കല്‍പ്പന ചൗള: സ്വപനങ്ങളെ യാഥാർഥ്യമാക്കിയ ഇന്ത്യയുടെ ധീരയായ മകൾ

കൽപന ചൗള: ഭാരതീയർ എന്നും അഭിമാനത്തോടെ ഓർക്കുന്ന ഒരു പേര്. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിത എന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കിയ യുവതി. യുവാക്കൾക്ക് പ്രത്യേകിച്ച് യുവതികൾക്ക് ആവേശവും ആത്മവിശ്വാസവും കരുത്തും പകർന്നുനൽകാൻ ഈ വനിതയ്ക്ക് സാധിച്ചു.

1962 മാര്‍ച്ച് പതിനേഴിനാണ് കൽപന ചൗളയുടെ ജനനം. 2003 ലെ പെട്ടെന്നുണ്ടായ അപകടത്തിൽ അവർ മരണമടഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് കൽപനയ്ക്ക് 62ആം പിറന്നാൾ. ഇരുപത്തൊന്നു വർഷങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നാം തീയതി തന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയിൽ അവര്‍ സഞ്ചരിച്ചിരുന്ന കൊളംബിയ സ്പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടാണ് കല്‍പ്പന ചൗള മരണമടഞ്ഞത്.

ഇന്ത്യയില്‍ ജനിച്ച്, അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കല്‍പ്പന ഇന്നും അനേകം യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തന്‍റെ നേട്ടങ്ങളിലൂടെ ആത്മവിശ്വാസം പകരുന്നു.

ഹരിയാനയിലെ കര്‍ണാലില്‍ 1962 മാര്‍ച്ച് പതിനേഴിനായിരുന്നു കല്‍പ്പന ചൗളയുടെ ജനനം. കര്‍ണാലിലെ ടാഗോര്‍ ബാലനികേതനില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കല്‍പ്പന ചൗള സ്കൂള്‍ പഠനകാലത്ത് തന്നെ പൈലറ്റ് ആവണമെന്ന ആഗ്രഹം അറിയിച്ചിരുന്നു.

കല്‍പ്പനയുടെ ആഗ്രഹപ്രകാരം അവരുടെ പിതാവ് ഫ്ലൈയിംഗ് ക്ലബ്ബില്‍ കൊണ്ടുപോയി HAL പുഷ്പക് വിമാനവും ഗ്ലൈഡറുകളും പറത്താനുള്ള അവസരം കൽപനയ്ക്ക് നല്‍കിയിരുന്നു. എപ്പോഴും വിമാനങ്ങളുടെ ചിത്രം വരയ്ക്കുന്ന, വിമാനം പറത്തുന്നത് സ്വപ്നം കാണുന്ന ആ പെണ്‍കുട്ടി ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സ്വന്തം ഇഷ്ടപ്രകാരം 1982ല്‍ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ ആ കോഴ്സില്‍ ഉണ്ടായിരുന്ന ഏക പെണ്‍കുട്ടിയായിരുന്നു കല്‍പ്പന ചൗള.

അതേ വര്‍ഷം തന്നെ അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ എയറോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ബിരുദത്തിനായി ചേര്‍ന്നതാണ് കല്‍പ്പനയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. പഠനത്തില്‍ അതീവ താല്‍പര്യം പുലര്‍ത്തിയിരുന്ന കല്‍പ്പന 1988ല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും അതേ വിഷയത്തില്‍ ഡോക്ടറേറ്റും ലഭിച്ചു.

എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. നേടിയ ഉടന്‍തന്നെ കാലിഫോര്‍ണിയയിലുള്ള നാസയുടെ ഗവേഷണകേന്ദ്രത്തില്‍ കല്‍പ്പന ചൗളയ്ക്ക് ജോലി ലഭിച്ചു. വിമാനം പറത്തുന്നതില്‍ ഏറെ ഹരം കണ്ടെത്തിയ കല്‍പ്പന ചുരുങ്ങിയ കാലയളവില്‍ത്തന്നെ എല്ലാത്തരം വിമാനങ്ങളും പറത്തുന്നതില്‍ മികവ് തെളിയിച്ചു.

വിമാനങ്ങളോടുള്ള ഈ ഇഷ്ടമാണ് വൈമാനികനായ ജീന്‍ പിയറി ഹാരിസണുമായുള്ള സൗഹൃദത്തിലേയ്ക്കും തുടര്‍ന്ന് വിവാഹത്തിലേയ്ക്കും എത്തുന്നത്. അമേരിക്കന്‍ പൗരത്വം നേടിയ ഹാരിസണ്‍ 1983 ഡിസംബര്‍ രണ്ടിന് കല്‍പ്പനയെ വിവാഹം കഴിച്ചു. തുടര്‍ന്ന് കല്‍പ്പനയും അമേരിക്കന്‍ പൗരത്വം സ്വന്തമാക്കി.

1995 ലാണ് കല്‍പ്പന ചൗള നാസയുടെ ബഹിരാകാശ ഗവേഷണസംഘത്തില്‍ അംഗമാവുന്നത്. കൊളംബിയ ബഹിരാകാശ ദൗത്യത്തില്‍ പങ്കുചേരാന്‍ ഏറെ പ്രതീക്ഷയോടെ കല്‍പ്പനയും അപേക്ഷ നല്‍കി. വിമാനം പറത്തുന്നതിലുള്ള മികവും അസാമാന്യമായ ശാരീരിക ക്ഷമതയും കൊളംബിയ ദൗത്യത്തിലേയ്ക്കുള്ള കല്‍പ്പനയുടെ പ്രവേശനം സുഗമമാക്കി.

1997 നവംബര്‍ പത്തൊന്‍പതിന് നാസയുടെ STS-87 ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായി കൊളംബിയ സ്പേസ് ഷട്ടിലില്‍ അഞ്ച് സഹപ്രവര്‍ത്തകരോടൊപ്പം ബഹിരാകാശത്തേക്ക് പറന്നുയരുമ്പോള്‍ ചരിത്രം ആ പ്രതിഭയുടെ ആത്മവിശ്വാസത്തിനും ചങ്കുറപ്പിനും മുന്നില്‍ വഴിമാറുകയായിരുന്നു.

ആദ്യ യാത്രയില്‍ 375 മണിക്കൂറോളമാണ് കല്‍പ്പനാ ചൗള ബഹിരാകാശത്ത് ചിലവഴിച്ചത്. സൂര്യന്‍റെ ഉപരിതലതാപത്തെക്കുറിച്ച് പഠിക്കുവാനായി സജ്ജമാക്കിയ സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുവാനുള്ള ചുമതല കല്‍പ്പനയ്ക്ക് ആയിരുന്നു.

ഇതില്‍ വന്ന വീഴ്ചയ്ക്ക് ഏറെക്കാലം പഴി കേള്‍ക്കേണ്ടി വന്നുവെങ്കിലും നാസ നടത്തിയ വിശദമായ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍ഫേസിലെ പിഴവായിരുന്നു യഥാര്‍ത്ഥ വില്ലന്‍ എന്ന് കണ്ടെത്തുകയും കല്‍പ്പനാ ചൗളയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.

ആദ്യ യാത്രയില്‍ സ്വന്തം പിഴവുകൊണ്ട് അല്ലെങ്കിലും സംഭവിച്ച പ്രശ്നങ്ങള്‍ കല്‍പ്പനാ ചൗള എന്ന വ്യക്തിയുടെ മേല്‍ നാസ സൂക്ഷിച്ച വിശ്വാസത്തില്‍ ഇടിവ് വന്നിട്ടില്ല എന്നതിന് തെളിവായിരുന്നു രണ്ടാമതൊരു ബഹിരാകാശ ദൗത്യത്തില്‍ കൂടി തിരഞ്ഞെടുക്കുവാനുള്ള തീരുമാനം.

Read More…….

ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലയ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു STS-107 എന്ന ഈ കൊളംബിയ ദൗത്യത്തിന്‍റെ ലക്ഷ്യം. കല്‍പ്പനയടക്കം 7 പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.

പതിനേഴ്‌ ദിവസം നീണ്ട പര്യടനത്തിനുശേഷം 2003 ഫെബ്രുവരി ഒന്നിന് തിരിച്ചിറങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഭൂമിയുടെ അന്തരീക്ഷത്തില്‍ വെച്ചുതന്നെ കൊളംബിയ പൊട്ടിച്ചിതറി. വിക്ഷേപണ സമയത്ത് തന്നെ ഉണ്ടായ ചില പിഴവുകളായിരുന്നു ദാരുണമായ ഈ ദുരന്തത്തിലേയ്ക്ക് വഴിതെളിച്ചത്.

കല്‍പ്പന ചൗള ഒരു വലിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്. പെണ്‍കുട്ടികള്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന ഒരു തൊഴില്‍ മേഖലയിലേയ്ക്ക്, പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല എന്ന് സമൂഹം കരുതിയിരുന്ന ഒരു രംഗത്തേയ്ക്ക് ധൈര്യത്തോടെ കടന്നുചെന്ന ആ യുവതി തനിക്ക് പിറകേ വരാനുള്ള ഒട്ടനേകം യുവമനസുകള്‍ക്ക് വഴികാട്ടിയാവുകയായിരുന്നു.

കല്‍പ്പന ചൗള എന്ന വ്യക്തി നമ്മോടൊപ്പം ഇന്ന് ഇല്ലായിരിക്കാം. എന്നാല്‍ അവളുടെ നേട്ടങ്ങളും അവള്‍ കാണിച്ചുതന്ന വഴിയും ഭാരതീയർ എന്നും ഓർമിക്കും .