മാഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്ത മാഹി ബൈപ്പാസിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഈസ്റ്റ് പള്ളൂർ സിഗ്നൽ കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മുതലാണ് മഞ്ഞ ലൈറ്റ് മാത്രം തെളിയുന്നത്. വെള്ളിയാഴ്ച രാവിലെ കെൽട്രോണിൽ നിന്നുള്ള എഞ്ചിനീയർമാരെത്തി സിഗ്നൽ സമയം വർധിപ്പിച്ചിരുന്നു.
45 മീറ്റർ വീതിയിലുള്ള പാതയിൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല. മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് പോകുന്ന ബൈപാസ് ക്രോസ് ചെയ്താണ് താഴെ ചൊക്ലിയിൽ നിന്ന് മാഹിപ്പാലത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. പള്ളൂർ പൊലിസെത്തി എത്തി ബുദ്ധിമുട്ടിയാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്.
അതേസമയം; കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാഹി ബൈപാസിനെ ചൊല്ലി അവകാശ തർക്കങ്ങൾ മുന്നണികൾ തമ്മിൽ തുടരുകയാണ്. എൻഡിഎയും എൽഡിഎഫും തമ്മിലാണ് ബൈപ്പാസിൻ്റെ പിതൃത്വം അവകാശപ്പെട്ട് തർക്കങ്ങൾ തുടരുന്നത്. ബൈപ്പാസിൻ്റെ ക്രഡിറ്റ് സംസ്ഥാന സർക്കാരിനാണ് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് എൽഡിഎഫ് രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു
















