മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം നമുക്ക് നല്‍കിയത് ഒട്ടേറെ ജീവിതശൈലീ രോഗങ്ങളാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങി ജീവനുതന്നെ ഭീഷണിയുള്ള രോഗങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നു.
ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും പ്രധാന വില്ലന്‍ കൊളസ്ട്രോള്‍ ആണ്. കൊളസ്‌ട്രോൾ ഭക്ഷണ ശീലം മൂലമാണ് കൂടുന്നത്.
ലോകമെമ്പാടുമുള്ള 2.6 മില്ല്യണ്‍ മരണങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ കാരണമാകുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാരമ്പര്യമായി ഈ രോഗം കടന്നുവരാമെങ്കിലും ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരുന്നവരില്‍ കൊള്സ്ട്രോളിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രക്തപരിശോധനയിലൂടെ കൊളസ്ട്രോള്‍ കണ്ടെത്തിയാല്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എണ്ണയില്‍ വറുത്ത ഭക്ഷണം. ഇത്തരം ഭക്ഷണങ്ങളില്‍ എണ്ണയുടെ അളവ് മാത്രമല്ല ഉപ്പ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം പതിവായി കഴിക്കുന്നവരില്‍ പൊണ്ണത്തടി, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
റെഡ് മീറ്റ്
ഇറച്ചി, പന്നിയിറച്ചി, മാട്ടിറച്ചി എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതേസമയം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, അയണ്‍ എന്നിവ റെഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. അതിനാല്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് റെഡ് മീറ്റ് ഉപയോഗം മൂന്നിലൊന്നായി ചുരുക്കാം.
ബേക്കഡ് ഫുഡ്
ബേക്ക് ചെയ്‌തെടുക്കുന്ന ഭക്ഷണങ്ങളില്‍ മധുരം, ബട്ടര്‍ എന്നിവ കൂടുതലായുണ്ട്. അതിനാല്‍, ഇത്തരം ഭക്ഷണസാധനങ്ങളില്‍ അപൂരിത കൊഴുപ്പും കൊളസ്‌ട്രോളും അധികമായിരിക്കും. ഇത് ഹൃദ്രോഗങ്ങള്‍ക്ക് വഴിവെക്കും.
സംസ്‌കരിച്ച മാംസം
സംസ്‌കരിച്ച മാംസത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെയധികമാണ്. കൊളസ്‌ട്രോളുള്ളവരുടെ ഹൃദയാരോഗ്യം സംസ്‌കരിച്ച മാംസാഹാരം കഴിക്കുന്നതിലൂടെ കൂടുതല്‍ മോശമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ ഗുണം ചെയ്യും. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീന്‍സ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടും. സിട്രസ് പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കും.