ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ഇക്കുറി വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ന്യൂഡൽഹിയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്,വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതും. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവടങ്ങളിൽ ഏഴു ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് ഘട്ടങ്ങളും തീയതിയും
ഒന്നാം ഘട്ടം – ഏപ്രിൽ 19
രണ്ടാം ഘട്ടം- ഏപ്രിൽ 26
മൂന്നാം ഘട്ടം – മേയ് 7
നാലാംഘട്ടം – മേയ് 13
അഞ്ചാംഘട്ടം -മേയ് 20
ആറാംഘട്ടം -മേയ് 25
ഏഴാംഘട്ടം -ജൂൺ 1
ഫലപ്രഖ്യാപനം – ജൂൺ 4
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും ഇന്ന് പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശിൽ മെയ് 13നും സിക്കിമിൽ ഏപ്രിൽ 19നും ഒറീസയിൽ മെയ് 13നും അരുണാചൽ പ്രദേശിൽ ഏപ്രിൽ 19നുമാണ്നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
ഓരോ തിരഞ്ഞെടുപ്പും ഒരു പുതിയ പരീക്ഷണമാണെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ. രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ഉത്സവത്തിന് ജനാധിപത്യപരവുമായ അന്തരീക്ഷം ഒരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാറിനും സുഖ്ബീർ സിംഗ് സന്ധുവിനും ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനാനത്താണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം നടത്തിയത്
ഇത്തവണ വോട്ട് ഫ്രം ഹോം സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാരായ വോട്ടർമാർക്കും അംഗവൈകല്യമുളളവർക്കും ഇത്ത പണ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാണ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
രാജ്യത്ത് ആകെ 97 കോടി സമ്മതിദായകർക്ക് ഇത്തവണ വോട്ടവകാശം വിനിയോഗിക്കാം. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാർക്കും ഇത്തവണ വോട്ടു ചെയ്യാം.
10.5 ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളും 55 ലക്ഷം ഇവിഎമ്മുകളും തെരഞ്ഞെടുപ്പിനായി തയ്യാറാക്കും. 1.5 കോടി ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കും. വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കും.സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കും. വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
അക്രമങ്ങൾ തടയാൻ കേന്ദ്രസേനയെ നിയോഗിക്കും. പ്രശ്നബാധിത ബൂത്തുകളിലും പ്രദേശങ്ങളിലും കർശന നിരീക്ഷണം. പഴുതടച്ച സുരക്ഷ ഉറപ്പാക്കും. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം.തയ്യാറാക്കും.
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയും നിയമിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. കഴിഞ്ഞയാഴ്ച അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവച്ചതിനും ഫെബ്രുവരി 14 ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനും ശേഷമാണ് പുതിയ കമ്മീഷണർ നിയമനം നടന്നത്.