മുംബൈ: മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാലും എ.കെ.ആൻ്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. അവരുടെ ബിജെപി പ്രവേശനത്തിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും മുംബൈയിൽ മനോരമ ന്യൂസിനോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ പറഞ്ഞു.
പത്മജ വേണുഗോപാലിന്റെയും അനിൽ ആന്റണിയുടെയും ബിജെപിയിലേക്കുള്ള പ്രവേശനം സഹപ്രവർത്തകൻ എന്ന നിലയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. അവരുടെ തീരുമാനം പാർട്ടിയെ ബാധിക്കില്ല.ഉമ്മൻ ചാണ്ടിയുടെ ഓർമയും സാന്നിധ്യവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവ്. കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും ചാണ്ടി ഉമ്മൻ പങ്കുവച്ചു. പത്മജക്കെതിരരായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയേയും അദ്ദേഹം വിമർശിച്ചു. അത്തരമൊരു പരാമർശം താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാർട്ടി വിട്ടുപോകുന്നവരെ ആക്ഷേപിക്കാൻ താൻ തയാറല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം, സഹോദരൻ കെ മുരളീധരന് ബി ജെ പിയിലേക്ക് പരവതാനി വിരിച്ചിട്ടാണ് താൻ പോന്നിട്ടുള്ളതെന്ന് പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു മുരളീധരൻ പല കാര്യങ്ങളും വൈകി ചിന്തിക്കുന്നയാളാണ്. കരുണാകരന്റെ മകളായതു കൊണ്ട് കോൺഗ്രസിൽ താൻ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു. അത് സഹോദരനായ കെ. മുരളീധരന് വൈകാതെ മനസിലാകുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിനും സി.പി.എമ്മിനും നല്ല നേതാക്കൾ പോലുമില്ല. 55-60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിന് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്നും പത്മജ ഇന്നലെ പത്തനംതിട്ടയിൽ പറഞ്ഞു.
















