മലയാളത്തിന്റെ ‘ഹൃദയഗീതങ്ങളുടെ കവി’ എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84ാം പിറന്നാൾ. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്.
കുട്ടിക്കാലം മുതൽ കഥകളും കവിതകളും എഴുതിയിരുന്ന കവി 1966ൽ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചനയിലേക്കു കടന്നു വന്നു. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ വിരിഞ്ഞവയെല്ലാം വമ്പൻ ഹിറ്റുകളായി മാറുകയായിരുന്നു.
മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾക്ക് ശ്രീകുമാരൻ തമ്പി വരികൾ കുറിച്ചു. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തുന്ന അദ്ദേഹം ‘ഹൃദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കപ്പെടുന്നു.
വയലാറും ഭാസ്കരൻ മാസ്റ്ററും അരങ്ങു തകർക്കുന്ന കാലത്താണ് ശ്രീകുമാരൻ തമ്പി ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. 1967ൽ പുറത്തിറങ്ങിയ ‘ചിത്രമേള’യിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തിന് ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചു.
വയലാറിന്റെയും ഭാസ്കരൻ മാസ്റ്ററിന്റെയും ശൈലിയിൽ നിന്നു വ്യത്യസ്തമായ രീതിയാണ് ശ്രീകുമാരൻ തമ്പിയുടേത് എന്ന് പൊതുവായ ഒരു ധാരണയുണ്ടായിരുന്നു അന്ന്.
ഗാനരചയിതാവിൽ നിന്ന് തിരക്കഥാകൃത്തും നിർമാതാവും സംവിധായകനും ആയി അദ്ദേഹം ഉയർന്നു. കർമമണഡലത്തിൽ പലരുമായും അസ്വാരസ്യങ്ങളുണ്ടായതിനെ തുടർന്ന് ശ്രീകുമാരൻ തമ്പിക്ക് നിരവധി ശത്രുക്കളുമുണ്ടായി.
താൻ മുൻ നിരയിലേക്കു കൊണ്ടുവന്ന നായകൻമാർ പോലും തനിക്കെതിരെ തിരിഞ്ഞു എന്ന് അദ്ദേഹം പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ 1976ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന സിനിമ മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായി കണക്കാക്കപ്പെട്ടു.
ചരിത്രത്താളുകളിൽ ഇടം നേടിയ മോഹിനിയാട്ടം 35ാം വയസിലാണ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്തത്.
ഇടതുപക്ഷ അനുഭാവിയാണെങ്കിലും പാർട്ടിയോടു ചേർന്നു നിൽക്കാത്തതിനാൽ നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ അദ്ദേഹം, അതിന്റെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് തനിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നിഷേധിക്കപ്പെട്ടതിനെയാണ്.
Read More………
- FACT CHECK| ‘സിദ്ധാർത്ഥിനെ ചോദ്യം ചെയ്യുന്ന ചെറിയ വീഡിയോ’ ?
- വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
- സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം ‘നാടാകെ നാടകം’ പുറത്തിറങ്ങി
31ാം വയസിൽ ‘എൻജിനീയറുടെ വീണ’ എന്ന പുസ്തകം സാഹിത്യ അക്കാദമി പുരസ്കാര നിർണയത്തിലെ അവസാന മൂന്ന് പുസ്കതത്തിൽ വരികയും പുരസ്കാരം ആ പുസ്തകത്തിനാണെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാൽ അന്ന് പുരസ്കാര നിർണയസമിതി അംഗമായി വന്ന കവി, ശ്രീകുമാരൻ തമ്പിയുടെ പേര് വെട്ടിക്കളഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായ ആ സമീപനത്തെ ഇന്നും അദ്ദേഹം വിമർശിക്കുന്നു.
കവിതകൾക്കും സിനിമാ ഗാനങ്ങൾക്കും പുറമേ നാടകഗാനങ്ങൾ, ലളിതഗാനങ്ങൾ, ഉത്സവഗാനങ്ങൾ തുടങ്ങിയവയിലും ശ്രീകുമാരൻ തമ്പി വ്യക്തിമുദ്ര ചാർത്തി. എൻജിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ തുടങ്ങിയവയാണ് കവിതാ സമാഹാരങ്ങൾ.
2015ൽ പുറത്തിറങ്ങിയ ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന ചിത്രമുൾപ്പെടെ 278 സിനിമകൾക്കു വേണ്ടി അദ്ദേഹം ഗാനങ്ങൾ രചിച്ചു. കൂടാതെ 85 സിനിമകൾക്കു തിരക്കഥയും സംഭാഷണവും 30 സിനിമകളുടെ സംവിധാനവും 26 സിനിമകളുടെ നിർമാണവും നിർവഹിച്ചു.
ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ നിന്നടർന്നു വീണ വരികൾ പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കു നൽകപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
ഏറ്റവുമൊടുവിൽ ലഭിച്ച തകഴി പുരസ്കാരം ആ രചനാ വൈഭവത്തെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുകയാണ്. ദശാബ്ദങ്ങളായി സംഗീതാസ്വാദകർക്കു മുന്നിൽ പ്രണയ–വിരഹങ്ങളുടെ സൗന്ദര്യം അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ആ കലാഹൃദയം ഇനിയും മനോഹരമായ വരികൾ കോറിയിടട്ടെ.