ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ രഞ്ജി തോമസ്. ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ അദീഷ് സി അഗര്‍വാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.
ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രഞ്ജി തോമസ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണെന്നും രാജിക്കത്തില്‍ ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കത്ത് അയച്ചത് വലിയ വിവാദമായിരുന്നു. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം. ഇതിനെതിരെ പ്രമേയം ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയിരുന്നു.