ആ പാവത്തെ ചതിച്ചതോ ?: അറിയണം ചതിയുടെ കഥ; സെക്രട്ടേറിയറ്റ് അയാളുടെ സ്വന്തമോ ?

ജന്‍മിത്വത്തിന്റെ ബാക്കി പത്രമായി ഇന്നും നിലകൊള്ളുന്ന സെക്രട്ടറിയറ്റ് മന്ദിരത്തിന്റെ ഗതകാല സ്മരണകളില്‍ ഒരു ചതിയുടെ അടയാളം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്താനോ, അതിനെ കുറിച്ച് ചോദിക്കാനോ ഇന്ന് ആരും വരില്ലെന്ന ധൈര്യത്തിലാണ് ഭരണാധികാരികള്‍ ഇരിക്കുന്നത്. രാജ ഭരണവും ജന്‍മിത്വവും പുര്‍വ്വകാല സ്മരണകളില്‍ മാത്രം ഒതുക്കി വെയ്ക്കുമ്പോള്‍ ചിതരിക്കപ്പെടാതെ സൂക്ഷിക്കുന്ന താളിയോലകളില്‍ എവിടെയെങ്കിലും ഒരു പേരുണ്ടാകും. നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി എന്നാണാ പേര്. മണ്‍മറഞ്ഞു പോയിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തെ ഇന്നും ഓര്‍ക്കാനാവുന്നുണ്ടെങ്കില്‍ അത് സെക്രട്ടേറിയറ്റ് എന്ന കേരള സര്‍ക്കാരിന്റെ ഭരണസിരാ കേന്ദ്രം ഒന്നുകൊണ്ടു മാത്രമാണ്. 

ജന്മിത്വം തുലയട്ടെയെന്ന് നെടുനീളന്‍ മുദ്രാവാക്യം വാ കീറിവിളിച്ച കമ്യൂണിസ്റ്റുകാര്‍ അറിയുമോ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെ. 15,000 ഹെക്ടര്‍ കൃഷിഭൂമിയും 800 കിലോ സ്വര്‍ണ്ണവും, സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ഏക്കര്‍ ഭൂമിയും സ്വന്തമായി ഉണ്ടായിരുന്ന വാസുദേവന്‍ നമ്പൂതിരി ഒടുവില്‍ മരിച്ചത് മൂന്നര സെന്റിലെ ചെറിയ വീട്ടിലാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പറയുമായിരുന്നു ആ കഥ. കേരളത്തിലെ അവസാനത്തെ നാടുവാഴിയെ കേരള സര്‍ക്കാര്‍ ചതിച്ച കഥ. 

* ആരാണ് നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി 

പതിനെട്ട് ദേശങ്ങളുടെ അധികാരവും, ഒമ്പതോളം ക്ഷേത്രങ്ങളുടെ അവകാശവും നാഗഞ്ചേരി വാസുദേവന്‍ നമ്പൂതിരിയ്ക്കുണ്ടായിരുന്നു. നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്‍മക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടു പോകാതിരിക്കാനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സ്വത്തു മുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു. 

അങ്ങനെയാണ് കോടിക്കണക്കിന് വില വരുന്ന സ്വത്തുക്കള്‍ നാഗഞ്ചേരി മനയുടെ കീഴിലായത്. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാല്‍ ഒന്നേകാല്‍ ലക്ഷം പറ നെല്ലാണ് ഇല്ലത്തെ മുറ്റത്ത് ശേഖരിച്ചിരുന്നത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശവും ഇദ്ദേഹത്തിനായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും വാസുദേവന്‍ നമ്പൂതിരിയുടെ മനയ്ക്ക് സ്വന്തമായിരുന്നു. 

* നാഗഞ്ചേരി മന ക്ഷയിച്ചതോ ? 

ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് നാഗഞ്ചേരി മന കാലഹരണപ്പെട്ടു പോയത്. ഒരു വ്യക്തിക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷ്‌ക്കരണ നിയമം 1963ല്‍ സര്‍ക്കാര്‍ കൊണ്ട് വന്നപ്പോള്‍ മനയുടെ കാരണവരായ വാസുദേവന്‍ നമ്പൂതിരി 1980ല്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാവ്. ഒപ്പം ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വര്‍ണ്ണവും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. ഭൂപരിഷ്‌ക്കരണനിയമം നടപ്പിലാക്കി കൃഷി ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തപ്പോള്‍ മനക്കാരുടെ ഭൂമിയുടെ സിംഹഭാഗവും നഷ്ടപ്പെട്ടു.

1980ല്‍ നാഗഞ്ചേരി മന നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ തുച്ഛമായ തുകയ്ക്ക് പെരുമ്പാവൂര്‍ നഗരസഭയ്ക്ക് വിറ്റു. മന വിറ്റു കിട്ടിയ പണം കൊണ്ടാണ് വാസുദേവന്‍ നമ്പൂതിരി തന്റെ രണ്ടു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചയച്ചത്. പിന്നീടാണ് മൂന്നു സെന്റിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്. സര്‍ക്കാരിനു പാട്ടത്തിനു നല്‍കിയ ഭൂമി പോലും മടക്കി നല്‍കിയില്ല എന്നതാണ് വലിയ ചതി. പാട്ടക്കാലാവധി കഴിഞ്ഞ 46 എസ്റ്റേറ്റുകളില്‍ 44 എണ്ണവും തിരികെ നല്‍കാതെ കുത്തക മുതലാളിമാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

* പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമികള്‍ സര്‍ക്കാര്‍ കൊടുക്കാതെ പറ്റിച്ചു

തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം, വട്ടത്തുവിളാകം, വഞ്ചിയൂര്‍, നെയ്യാറ്റിന്‍കര  ഇതിന്റെയൊക്കെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും 250 കോടിയിലേറെ വില മതിക്കുന്ന ഈ ഭൂമിയൊന്നും സര്‍ക്കാര്‍ മടക്കി നല്‍കിയില്ല. തൊടുപുഴയില്‍ പന്നിയൂര്‍, കരിമണ്ണൂര്‍, തട്ടക്കുഴ, ചീനിക്കുഴി, ഉടുമ്പന്നൂര്‍, പുറപ്പുഴ എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവ്, കൊമ്പനാട് ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ഐമുറി ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും, ആലുവയില്‍ വിടാക്കുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ്, ഇരവിച്ചിറ ശിവക്ഷേത്രം, നീലംകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, തൊടുപുഴയില്‍ കരിമണ്ണൂര്‍ നരസിംഹ സ്വാമിക്ഷേത്രം, പന്നിയൂര്‍ വരാഹ സ്വാമിക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളുടെ ഉടമകളായിരുന്നു നാടുവാഴികള്‍. 

ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി, തോവാള, അഗസ്തീശ്വരം എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമി, കൂടാതെ കൊച്ചിയിലും, തിരുവിതാംകൂറിലുമായി ഏക്കര്‍ കണക്കിനു ഭൂമിയും ഉണ്ടായിരുന്നു. ഏതാനും വര്‍ഷം മുമ്പുവരെ സര്‍ക്കാരില്‍ നിന്ന് 62 രൂപ ജന്മിക്കരം ലഭിച്ചിരുന്നു. ഇതു വാങ്ങാന്‍ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയില്‍ അത് അദ്ദേഹം നിരാകരിച്ചു. പതിനെട്ടോളം ദേശങ്ങളുടെയും ഉടമസ്ഥരും നാടുവാഴികളുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗഞ്ചേരി മനയില്‍ നിന്നും സര്‍ക്കാര്‍ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ വാസുദേവന്‍ നമ്പൂതിരി ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ സ്ഥലം മറ്റുള്ളവര്‍ കയ്യേറി. ഇതിനു പകരമായി തിരുവനന്തപുരം നഗരത്തില്‍ മൂന്നു സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. എന്നാല്‍ ആ സ്ഥലം ഇ.എം.എസിന്റെ പ്രതിമ സ്ഥാപിക്കാനായി എഴുതി നല്‍കുകയായിരുന്നു. 

* വാസുദേവന്‍ നമ്പൂതിരിയുടെ മരണം

വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 107-ാം വയസ്സിലാണ് നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി അന്തരിക്കുന്നത്. 2019 ജൂലൈ 26ന് പെരുമ്പാവൂര്‍ അല്ലപ്രയില്‍ മകന്റെ വീട്ടില്‍ വച്ചായിരുന്നു മരണം. പരേതയായ സാവിത്രി അന്തര്‍ജനം ഭാര്യ. പത്മജ, വനജ, നീലകണ്ഠന്‍, ഗണപതി എന്നിവര്‍ മക്കളാണ്. കേരളത്തിലെ ഭൂസ്വത്തുക്കളുടെ ഉടമയായ നന്രൂതിരിയുടെ മരണം അതി ദയനീയമായിരുന്നു. സര്‍ക്കാര്‍ ഒരിറ്റ് കരുണ കാണിച്ചിരുന്നെങ്കില്‍ നന്മയും, കാരുണ്യവും മാത്രം കൈമുതലാക്കിയ ആ വയോധികന് അവസാന കാലത്ത് അല്ലപ്രയിലെ മൂന്നര സെന്റിലെ ചെറിയ കൂരയില്‍ നരകിച്ച് മരിക്കേണ്ടി വരില്ലായിരുന്നു. ഇന്ന് നാഴി മണ്ണിന് കോടികള്‍ വിലയുള്ള സെക്രട്ടേറിയറ്റിന്റെ നേരവകാശിക്ക് സര്‍ക്കാര്‍ എന്തു നല്‍കിയാലും മതിയാകില്ലെന്ന് ആര്‍ക്കാണറിയാത്തത്. 

* സെക്രട്ടേറിയറ്റും അതിന്റെ പശ്ചാത്തലവും

ആയില്യം തിരുനാളിന്റെ (1860-1880) ഭരണകാലത്ത് തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മ്മിച്ച്  1869ല്‍ ഔപചാരികമായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഏകദേശം 3 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കാക്കി സെക്രട്ടേറിയറ്റ് പ്രധാന കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്ത് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ സെക്രട്ടേറിയറ്റിനെ കുറിച്ച പറയുന്നത് ഇങ്ങനെയാണ്. 

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഏറ്റവും തലയെടുപ്പോടു കൂടി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ ഒന്നാണ് സെക്രട്ടേറിയറ്റ്. നിരവധി ആധുനിക നിര്‍മ്മിതികള്‍ സെക്രട്ടേറിയറ്റിന്റെ സമീപത്തായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ഗാംഭീര്യത്തിനോ രൂപത്തിനോ സൗന്ദര്യത്തിനോ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. റോമന്‍, ഡച്ച് വാസ്തു വിദ്യകള്‍ മനോഹരമായി സംയോജിപ്പിച്ചാണ് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ദൃഢമായ വലിയ തൂണുകളും കെട്ടിടത്തിന്റെ ഉയരവും മുഖപ്പും റോമന്‍ വാസ്തുവിദ്യയെ ഓര്‍മ്മിപ്പിക്കുന്നു.വലിയ വാതിലുകളും ജനലുകളും ഡച്ച് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്‍ അടിത്തറയും ചുടുകട്ട കൊണ്ടുള്ള കെട്ടിടവുമാണ് ഉള്ളത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തടികൊണ്ടുള്ള തറയും തടികൊണ്ടുള്ള മേല്‍ക്കൂരയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

* സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ഘടന

പ്രധാനമായും മൂന്ന് ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരള സെക്രട്ടേറിയറ്റ് സമുച്ചയം. സെന്‍ട്രല്‍ ബ്ലോക്കാണ് ഏറ്റവും പഴക്കമേറിയത്. ദര്‍ബാര്‍ ഹാളിലേക്ക് തുറക്കുന്ന ആനക്കവാടം (എലിഫന്റ് ഡോര്‍) എന്നറിയപ്പെടുന്ന പ്രധാന വാതില്‍ സെന്‍ട്രല്‍ ബ്ലോക്കിലുണ്ട്. ഈ ദര്‍ബാര്‍ ഹാള്‍ മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന്റെയും രാജസേവകരുടെയും ഉപയോഗത്തിന് മാത്രം  പരിമിതപ്പെടുത്തിയിരുന്നതാണ്. ഇന്ന് ദര്‍ബാര്‍ ഹാള്‍ പൊതുയോഗങ്ങളും ഔദ്യോഗിക ചടങ്ങുകളും നടത്തുന്ന ഹാളാണ്.ദര്‍ബാര്‍ ഹാളിന്റെ ഇരുവശങ്ങളിലും 20 വാതിലുകളാണ് ഉള്ളത്. സെന്‍ട്രല്‍ ബ്ലോക്കിന് മൂന്ന് നിലകളും അവയില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകളും സ്ഥിതി ചെയ്യുന്നു. പഴയ അസംബ്ലി ഹാള്‍ സ്ഥിതി ചെയ്യുന്നത് സെന്‍ട്രല്‍ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ വലതുവശത്തായാണ്. എന്നാല്‍ ഇപ്പോള്‍ ഒരു പൊതു നിയമനിര്‍മ്മാണ മ്യൂസിയമായി കേരളത്തിന്റെ നിയമനിര്‍മ്മാണ ചരിത്രത്തെ ചിത്രീകരിക്കുന്നതിന് പ്രവര്‍ത്തിക്കുന്നു.

സെന്‍ട്രല്‍ ബ്ലോക്കിന് പുറമെ അതിന് ഇരുവശത്തുമായി രണ്ട് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നോര്‍ത്ത് ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെ ഓഫീസുകളും ക്യാബിനറ്റ് റൂമുകളും പ്രവര്‍ത്തിക്കുന്നു. സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്കില്‍ പ്രധാനമായും സെക്രട്ടറിമാരുടെ ഓഫീസുകളാണ് ഉള്ളതെങ്കിലും നോര്‍ത്ത് ബ്ലോക്കിലെ സ്ഥല പരിമിതി കാരണം ഏതാനും മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Read more …..