ന്യൂഡൽഹി : ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ച് കയറിയ സംഭവത്തിന്റെ നടുക്കം മാറാതെ മയൂർ വിഹാർ ഫേസ്–3ലെ മലയാളികൾ. പോളിടെക്നിക് വിദ്യാർഥിയായ 17 വയസ്സുകാരനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന കാറാണ് യുവാക്കൾ ഓടിച്ചതെന്നും കാറിന്റെ ഡ്രൈവറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ സംഭവം നടക്കുമ്പോൾ ഒട്ടേറെ മലയാളികൾ സ്ഥലത്തുണ്ടായിരുന്നു. ജനക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറിയതിനെ തുടർന്ന് സീതാദേവി (22) എന്ന യുവതി മരിക്കുകയും മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഒൻപതു പേർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
ആളുകളെ ഇടിച്ചുവീഴ്ത്തി പാഞ്ഞ കാറിനെ ഉന്തുവണ്ടികൾ വിലങ്ങനെയിട്ടാണ് നാട്ടുകാർ തടഞ്ഞത്. കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. യുവാക്കളെ മർദിച്ച നാട്ടുകാർ, കാർ തല്ലിത്തകർത്ത ശേഷം മറിച്ചിടുകയും ചെയ്തിരുന്നു.
‘ആറാം ക്ലാസ് വിദ്യാർഥിയായ മകൻ, സഹോദരിയുടെ മകൾ എന്നിവരോടൊപ്പം നിൽക്കുമ്പോഴാണ് കാർ ഇടിച്ചുവീഴ്ത്തുന്നത്. പിന്നിൽനിന്നു പാഞ്ഞെത്തിയ കാർ ആദ്യം സഹോദരിയുടെ മകളെയാണ് ഇടിച്ചത്. പിന്നാലെ എന്നെയും ഇടിച്ചു. തുടർന്ന് ഉന്തുവണ്ടികളെയും ആളുകളെയും ഇടിച്ചുതെറിപ്പിച്ച് മുന്നോട്ട് പാഞ്ഞു. തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. എന്റെ കാലിനു ചെറിയ ചതവുണ്ട്. കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു’.
(കെ.എൻ.ഉഷാകുമാരി(സാമൂഹിക പ്രവർത്തക),പോക്കറ്റ് സി–2, മയൂർ വിഹാർ ഫേസ്–3)
ആദ്യം ബൈക്കിലിടിച്ചു:അമിതവേഗത്തിൽ പാഞ്ഞു
മെയിൻ റോഡിനു സമീപം നിൽക്കുമ്പോഴാണ് കാർ പാഞ്ഞെത്തിയത്. കാറിനകത്ത് ലൈറ്റിട്ടിട്ടുണ്ടായിരുന്നു. ആദ്യം ഒരു ബൈക്കിലിടിച്ച ശേഷം അമിതവേഗത്തിൽ ഇരപ്പിച്ച് മുന്നോട്ടു പോയി. ഹോൺ അടിക്കാതെ പാഞ്ഞെത്തിയ കാർ ഒട്ടേറെപ്പേരെ ഇടിച്ചിട്ടു. കേരള സ്കൂളിനു സമീപത്തു വച്ചാണ് കാറിനെ തടഞ്ഞുനിർത്താൻ നാട്ടുകാർക്ക് സാധിച്ചത്. സമീപത്തെ ആരാധനാലയത്തിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മലയാളികളും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്.’
(എം.എസ്.ഭവേഷ്,പോക്കറ്റ് എ–3,മയൂർ വിഹാർ ഫേസ്–3)
‘മദ്യലഹരിയിലാണ് കാർ യാത്രക്കാർ സഞ്ചരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാർ ആദ്യം ഇടിച്ചിട്ടത് ഒരു ബൈക്ക് യാത്രക്കാരനെയാണ്. അപകടത്തിൽപെട്ടവരിലേറെയും ഉത്തരേന്ത്യക്കാരാണ്. ഒട്ടേറെ ഉന്തുവണ്ടികൾ ഇടിച്ചുതകർത്താണ് കാർ മുന്നോട്ടു നീങ്ങിയത്. നാട്ടുകാരോടൊപ്പം പിന്നാലെ ഓടി കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഉന്തുവണ്ടികൾ മുന്നിലിട്ട് തടസ്സപ്പെടുത്തിയതോടെയാണ് കാറിന്റെ പാച്ചിൽ അവസാനിച്ചത്’.
(എം.വി.ഷാജി, പോക്കറ്റ് എ–3, മയൂർ വിഹാർ ഫേസ്–3)
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ