ന്യൂഡൽഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി ഇലക്ട്രൽ ബോണ്ടു വഴി കൈപ്പറ്റിയത് 6060.5 കോടി. മൊത്തം ബോണ്ടുകളുടെ മൂല്യത്തിൻ്റെ 47.5% ആണിത്.
പശ്ചിമ ബംഗാളിലെ ഭരണപ്പാർട്ടിയായ തൃണമുൽ കോൺഗ്രസ് ഇക്കാലയളവിൽ 1,609.50 കോടി രൂപ കൈപ്പറ്റി. ആ ബോണ്ടുകളുകളുടെ മൂന്ന് 12.6% വരുമിത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ചത് 1,421.9 കോടി രൂപയാണ്. 11.1% ശതമാനം. തെലങ്കാനയിലെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബിആർ എസ് – 1214.61 കോടി ), ഒഡീഷയിലെ ഭരണപ്പാർട്ടിയായ ബിജു ജനതാദൾ (ബിജെഡി – 775.5 കോടി), തമിഴ്നാട്ടിലെ പ്രധാന ഭരണപ്പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ – 639 കോടി) എന്നിവയാണ് ഈ കാലയളവിൽ 500 കോടിയിലധികം രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന കൈപ്പറ്റിയ പാർട്ടികൾ. ആം ആദ്മി പാർട്ടി 65 കോടിയും എഐഎഡിഎംകെ 6.05 കോടിയും ഇക്കാലയളവിൽ കൈപ്പറ്റി. ഇടതുപാർട്ടികളായ സിപിഎം ഉം സിപിഐയും ഇലക്ട്രൽ ബോണ്ടു വഴി സംഭാവന കൈപ്പറ്റിയിട്ടില്ല.
അതേസമയം; ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പട്ട് സുപ്രീം കോടതി വിധിയിൽ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ നല്‍കി. ഇന്ന് കമ്മീഷൻ്റെ അപേക്ഷ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആവശ്യം പരിഗണിക്കും. ഭരണഘടന ബെഞ്ചിന്‍റെ സിറ്റിംഗിലായിരിക്കും അപേക്ഷ പരിഗണിക്കുക. എന്നാല്‍, പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.
ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.
കമ്മീഷൻ സീൽ കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്മീഷൻ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.2023 ഫെബ്രുവരി 15ന് ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തതായും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ