കൊച്ചി: പ്രമുഖ മലയാളി നടിയുടെ പണം തട്ടിയെടുത്ത് മുങ്ങിയ കൊൽക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യാസർ ഇഖ്ബാൽ എന്നയാളെയാണ് കൊച്ചി പോലീസ് കൊൽക്കത്തയിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.
വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു ഇടപാട്. പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് മനസ്സിലാക്കിയ പാലാരിവട്ടം പൊലീസ് കൊൽക്കത്തയ്ക്ക് യാത്ര തിരിച്ചു. തുടർന്ന് നഗരത്തിലെ ടാഗ്രാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ്, ഡിഎസ്പി കെ.എസ്.സുദര്‍ശൻ ഐപിഎസ് എന്നിവരുടെ നിർദേശപ്രകാരം എറണാകുളം അസി. കമ്മിഷണര്‍ രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടര്‍മാരായ ആല്‍ബി എസ്.പുത്തുക്കാട്ടില്‍, അജിനാഥ പിള്ള, സീനിയര്‍ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേകാന്വേഷണ സംഘം തട്ടിപ്പു സംഘത്തിലെ മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ്.
Read more ….