ശമ്പളത്തിനു വേണ്ടി തലകുത്തി പ്രതിഷേധിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നരക ജീവിതത്തില്‍ ചില അപൂര്‍വ്വ നിമിഷങ്ങളുണ്ടാകും. അത്തരമൊരു നിമിഷത്തില്‍ അപ്രതീക്ഷിതമായി എടുത്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വലുതാകുമ്പോള്‍ വലിയ വണ്ടികള്‍ ഓടിക്കണമെന്ന് സ്വപ്‌നം കാണുന്ന ചില വികൃതി കുട്ടികളുണ്ട്. അത്തരം കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുമ്പോള്‍ ഇത്തരം നിമിഷങ്ങള്‍ വീണുകിട്ടും. അപ്പോള്‍ ശമ്പളവും ദുരിതവുമെല്ലാം മറന്ന് ആ കാഴ്ചകള്‍ ആവോളം ആസ്വദിക്കാനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മറക്കില്ല. അത്തരമൊരു അപൂര്‍വ്വ കാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കാണാനായത്. കുട്ടിയുടെ നിഷ്‌ക്കളങ്കമായ പ്രവൃത്തി പകര്‍ത്തിയത് ബസിലെ കണ്ടക്ടറാണ്.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ബസിലാണ് ഉളിക്കല്‍ സ്വദേശിയായ ഒരു കുട്ടിയുടെ ‘ഇമാജിന്‍ ഡ്രൈവിംഗ്’ നടന്നത്. കണ്ടക്ടര്‍ സജീവ് പകര്‍ത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും രാവിലെ 5.30ന് ബളാലിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് സജിത്ത്. ആദ്യ സര്‍വീസ് ബളാലില്‍ എത്തി തിരിച്ചു ബത്തേരിയിലേക്ക് വരുമ്പോള്‍ പയ്യാവൂരില്‍ നിന്നും ഉളിക്കലേക്ക് ടിക്കറ്റെടുത്ത അമ്മയും മകനുമാണ് ഈ വീഡിയോയിലെ താരമായത്. അമ്മ ഡ്രൈവറുടെ അടുത്തു തന്നെ നിന്നപ്പോള്‍ മകന്‍ ഡ്രൈവറുടെ അടുത്തുള്ള ഗിയര്‍ ക്യാബിനില്‍ ഇരിപ്പുറപ്പിച്ചു.
വലിയ തിരക്കോ, വേഗതയോ ഇല്ലാത്തതിനാല്‍ കുട്ടിയുടെ ആഗ്രഹത്തെ ജീവനക്കാര്‍ എതിര്‍ത്തില്ല. ഗിയര്‍ ക്യാബിനില്‍ ആരെയും ഇരുത്താന്‍ പാടില്ലാത്തതാണെന്ന നിര്‍ദേശം മറക്കുന്നില്ല. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ യാത്രക്കാര്‍ ഈ ഗിയര്‍ ക്യാബിനില്‍ ഇരിക്കാറുണ്ട്. ഡ്രൈവര്‍ അത് അനുവദിക്കുകയും ചെയ്യറുണ്ട്. എന്നാല്‍, വല്ലാതെ ശല്യമായാല്‍ മാത്രമേ യാത്രക്കാരെ മാറ്റാറുള്ളൂ. ഇവിടെ കുട്ടി യാത്രക്കാര്‍ക്കോ ഡ്രൈവറുടെ കാഴ്ചയോ, ശ്രദ്ധയോ മാറ്റാനുള്ള ഒന്നും ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടു തന്നെ കുട്ടിയെ ഗിയര്‍ ക്യാബിനില്‍ നിന്നും മാറ്റിയതുമില്ല. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് കുട്ടി ഡ്രൈവറെ സൂക്ഷ്മമായി ശ്രദ്ധിച്ചു തുടങ്ങിയത്.
വലിയ സ്റ്റിയറിംഗില്‍ അനായാസമായി കൈയ്യോടിക്കുന്ന ഡ്രൈവര്‍ ആ കുട്ടിയുടെ മനസ്സില്‍ വലിയ രൂപം തന്നെയായിരുന്നുവെന്നു വേണം മനസ്സിലാക്കേണ്ടത്. ഇത്രയും വലിയ ബസിനെ നിഷ്പ്രയാസം ഓടിക്കാന്‍ കഴിവുള്ള അമാനുഷികനായാണ് കുട്ടി ഡ്രൈവറെ കാണുന്നത്. എല്ലാ കുരുന്നു മനസുകളിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ സാരഥികള്‍ അമാനുഷികര്‍ തന്നെയാണ്. നിറയെ യാത്രക്കാരുള്ള ബസിനെ എത്ര അനായാസമാണ് ഡ്രൈവര്‍ കൊണ്ടു പോകുന്നത്. വളവുകള്‍ ഒറ്റക്കൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് തിരിക്കുമ്പോള്‍ യാത്രക്കാരെല്ലാം കൂടെ തിരിയുന്നതും കുട്ടികള്‍ക്ക് എന്നും കൗതുകമാണ്. ആ കൗതുകം ഇവിടെയും പ്രതിഫലിച്ചിട്ടുണ്ട്.
ഡ്രൈവറെ നിരീക്ഷിച്ചുകൊണ്ട് കുട്ടി ഇമാജിന്‍ ഡ്രൈവിംഗ് തുടങ്ങിയതോടെ യാത്രക്കാര്‍ക്ക് ആ കാഴ്ച മനോഹരമായ വിരുന്നായി. മറ്റാരെയും ശ്രദ്ധിക്കാതെ ഡ്രൈവര്‍ സ്റ്റിയറിംഗ് തിരിക്കുന്നതും, ഗിയര്‍ മാറ്റുന്നതും ശ്രദ്ധയോടെ നോക്കിയാണ് കുട്ടിയുടെ ഇമാജിന്‍ ഡ്രൈവിംഗ്. ഡ്രൈവിംഗ് മുന്നേറുന്നതിനൊപ്പം യാത്രക്കാരായ കാഴ്ചക്കാര്‍ക്കും ഹരമായി. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമെന്ന് തോന്നിയ കണ്ടക്ടര്‍ സജിത്ത് ഡ്രൈവറുടെ അടുത്തേക്കെത്തുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. അപ്പോഴും യാതൊരു കൂസലുമില്ലാതെ കുട്ടി ഡ്രൈവര്‍ക്കൊപ്പം ഇമാജിന്‍ ഡ്രൈവിംഗ് നടത്തിക്കൊണ്ടേയിരുന്നു.
കെ.എസ്.ആര്‍.ടി.സിയും യാത്രക്കാരും തമ്മില്‍ വലിയൊരു ആത്മബന്ധമുണ്ട്. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ഇഴുകിച്ചേര്‍ന്നതുമാണ്. ചില ബസുകളില്‍ സ്ഥിരം യാത്രക്കാരുമുണ്ട്. ചിലര്‍ക്ക് ഇഷ്മുള്ള സീറ്റുകള്‍ വരെയുണ്ട്. ഇഷ്ടമുള്ള കെ.എസ്.ആര്‍.ടി.സി ബസിനു വേണ്ടി മന്ത്രിക്കു കത്തെഴുതിയ ഒരു പെണ്‍കുട്ടിയുടെ കഥ മറക്കാറായിട്ടില്ല. കുറച്ചു നാളുകള്‍ക്കു മുമ്പ് മൈസൂര്‍ കാട്ടിലൂടെ സഞ്ചരിച്ച ബസില്‍ നിന്നും എടുത്തു ചാടിയ യാത്രക്കാരനെ കാലില്‍ പിടിച്ച് രക്ഷപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ കഥയും അപൂര്‍വ്വതയുടെ ഭാഗമാണ്.
Read more ….