ഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ അഞ്ചിന ‘കിസാൻ ന്യായ്’ ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വിളകൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കും. കാർഷിക കടം എഴുതിത്തള്ളാൻ പ്രത്യേക കടാശ്വാസ കമ്മിഷൻ രൂപീകരിക്കും.
മുപ്പത് ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസ് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാർഷിക സാമഗ്രികൾക്കുള്ള ജി എസ് ടി എടുത്തുകളയാൻ നിയമം ഭേദഗതിചെയ്യുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
‘രാജ്യത്തെ എല്ലാ ഭക്ഷണ ദാതാക്കള്‍ക്കും എന്റെ സല്യൂട്ട്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും വേരോടെ പിഴുതെറിയുന്ന അഞ്ച് ഉറപ്പുകളാണ് കോണ്‍ഗ്രസ് നിങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. വിയര്‍പ്പുകൊണ്ട് നാടിന്റെ മണ്ണ് നനയ്ക്കുന്ന കര്‍ഷകരുടെ ജീവിതം സന്തോഷകരമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന്’ എക്സിലൂടെ രാഹുല്‍ ഗാന്ധി അറിയിച്ചു.
ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇന്നലെ രാഹുൽ നടത്തിയിരുന്നു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഡല്‍ഹി ചലോ മാര്‍ച്ചോടെ 200 ലധികം കര്‍ഷക യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു. മിനിമം താങ്ങുവില , സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്ക് പെന്ഷന്, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവയാണ് അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍.
കേന്ദ്രവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പ്രക്ഷോഭം നിര്‍ത്തിവച്ചതിന് ശേഷം മാര്‍ച്ച് 10 ന് കര്‍ഷകര്‍ രാജ്യവ്യാപകമായി ‘റെയില്‍ റോക്കോ’ പ്രതിഷേധം നടത്തി. വ്യാഴാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ ‘കിസാന്‍ മഹാപഞ്ചായത്ത്’ നടത്താന്‍ കര്‍ഷകര്‍ കൂട്ടത്തോടെ ഒത്തുകൂടി. 50,000 കര്‍ഷകര്‍ ആ പരിപാടിയില്‍ പങ്കെടുത്തു.
Read more ….