കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ കണ്‍വീനറാണോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സംഘ്പരിവാര്‍ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ജയരാജന്. അതേ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയന് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സി.പി.എം. എവിടേക്കാണ് പോകുന്നത്. എൽ.ഡി.എഫ്. കൺവീനർതന്നെ പറയുകയാണ് ബി.ജെ.പിയുടേത് മികച്ച സ്ഥാനാർഥികളെന്ന്. തിരുവനന്തപുരം സ്ഥാനാർഥിയോട് അദ്ദേഹത്തിന് പ്രത്യേകമായ മമതയുണ്ട്. കേരളത്തിലെ സിപിഎം ബിജെപി നേതൃത്വവുമായുള്ള അന്തർധാരമാത്രമല്ല, അവരുമായിട്ട് ബിസിനസ് പാർട്ണർഷിപ്പും തുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ എൽ.ഡി.എഫ്. കൺവീനർ ഇപി ജയരാജന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്ണർഷിപ്പുണ്ട്. ബിസിനസ് ബന്ധങ്ങൾ കൂടി കേരളത്തിലെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും തുടങ്ങിയിരക്കുകയാണ്. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്ത സ്പേസ് സി.പി.എം. ഉണ്ടാക്കിക്കൊടുക്കുകയാണ്, വി.ഡി. സതീശൻ പറഞ്ഞു.
പത്മജ എന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. ഇടനിലക്കാരായി അപ്പുറത്തു കൊണ്ടുപോയി കൊടുക്കാൻ നിന്നത് സി.പി.എമ്മാണ്. ദല്ലാൾ നന്ദകുമാറിന്റെ ഫോണിലേക്കാണ് കേരളത്തിലെ സിപിഎമ്മിന്റെ ഓപ്പറേഷൻ നടക്കുന്നത്. ദല്ലാൾ നന്ദകുമാർ ഒക്കെയാണ് സി.പി.എമ്മിന് ഇടനിലക്കാരനായി നിൽക്കുന്നത്. ദല്ലാൾ നന്ദകുമാറിന്റെ ഫോണിലാണ് കോൺഗ്രസ് നേതാക്കന്മാരെ സി.പി.എമ്മിലേക്ക് കൊണ്ടുവരാനും ബി.ജെ.പിക്ക് കൊണ്ടുപോകാനുമൊക്കെ കേരളത്തിലെ സി.പി.എം. നേതാക്കന്മാർ ശ്രമിക്കുന്നത്, വി.ഡി. സതീശൻ ആരോപിച്ചു.
കേരളത്തില്‍ നിന്നും പ്രാധാന്യമുള്ള ഒരാളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. കേരളത്തിലെ ബി.ജെ.പി കോണ്‍ഗ്രസിനെ ചൊറിയാന്‍ വരേണ്ട. അതിന് ശക്തമായ തിരിച്ചടി കിട്ടും. ദല്ലാള്‍ നന്ദകുമാറാണ് സി.പി.എം ഇടനിലക്കാരനായി നില്‍ക്കുന്നതെന്നും സതീശൻ ആരോപിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് പലരെയും കാലുമാറ്റാന്‍ സി.പി.എം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. ദല്ലാള്‍ നന്ദകുമാറിന്റെ ഫോണിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്.
നന്ദകുമാറുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ജീര്‍ണത സംഭവിച്ച പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓമന മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്ന് വ്യവസായ പ്രമുഖന് വിളിച്ചു പറഞ്ഞിട്ട് ഒരുത്തനും മിണ്ടിയില്ലല്ലോ. നട്ടെല്ലുള്ള ഒരു സി.പി.എമ്മുകാരനും മറുപടി പറയാന്‍ ഉണ്ടായില്ലല്ലോ? അപ്പോള്‍ പേടിയുണ്ട്.
സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ 2019-ലെ സി.എ.എ സമരത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനാണ് പിണറായി ആദ്യം തയാറാകേണ്ടത് -സതീശൻ പറഞ്ഞു.
Read more ….