തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വൈസ് ചാൻസലറുടെ ഉത്തരവ്. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിർദേശവും വി സി തള്ളി.
പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തിരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനും വി.സി. ഉത്തരവിട്ടു. നിയമപ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26-ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കലോത്സവം സംഘടിപ്പിച്ചത്.
Read more ….
കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വി.സിയ്ക്ക് സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വി.സിയുടെ ശ്രദ്ധയിൽപെട്ടത്. യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ വി.സി. ഉത്തരവിടുകയായിരുന്നു.
ഇതിന് പിന്നാലെ യുവജനോത്സവത്തിന്റെ വിധികർത്താവായിരുന്ന പി. എൻ. ഷാജിയുടെ ആത്മഹത്യയ്ക്ക് വഴിവച്ച സാഹചര്യവും മത്സവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്തുനൽകാൻ കേരള സർവകലാശാല വൈസ് ചാൻസൽ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകി.