തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധ വർഗീയ അജണ്ടയുടെ ഭാഗമാണ്. അതിനാൽ നിയമം കേരളത്തിൽ നടപ്പാക്കില്ല. നിയമനടപടികൾ ഇതിനെതിരെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“കേരളത്തിൽ സിഎഎ നടപ്പാകില്ല എന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതാണ് ഈ നിയമം. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാനുള്ള നടപടിയാണിത്. സിഎഎ ഇന്ത്യ എന്ന ആശയത്തിന് വെല്ലുവിളിയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണിത്” – മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജക്കുന്നതാണ് നിയമം. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഇത്. അന്താരാഷ്ട്ര തലത്തിൽ നിന്നും ന്യയമത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടിയേറ്റക്കാരെ മുസ്ലിം എന്നും അല്ലാതെയെന്നും വേർതിരിക്കുന്നത് എങ്ങനെയാണ്. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കുകയാണ് നിയമത്തിൻ്റെ ലക്ഷ്യം. മനുഷത്വ വിരുദ്ധവും ഭരരണഘടനാ വിരുദ്ധവുമാണ് സിഎഎ എന്ന് കേരളം നേരത്തെ വ്യക്തമാക്കിയിരുന്നു. സിഎഎ നടപ്പാക്കില്ല എന്ന് ആദ്യം നിലപാടെടുത്ത സംസ്ഥാനം കേരളമാണ്. ഇതിൻ്റെ ഭാഗമായി പ്രക്ഷോഭവും പ്രത്യേക സഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. ആർഎസ്എസിന്റെ അജണ്ടകൾ ഇവിടെ നടപ്പാകില്ല എന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
















