ഇന്ത്യയുടെ ഡിജിറ്റല്‍ നവീകരണത്തിന്റെ ഭാവി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരെ ആശ്രയിച്ചിരിക്കുന്നതായി ആധാറിന്റെയും ഇന്ത്യാ സ്റ്റാക്കിന്റെയും മുന്‍ ചീഫ് ആര്‍ക്കിടെക്റ്റായ ഡോ. പ്രമോദ് വര്‍മ്മ. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ഡിപിഐ) കേന്ദ്രീകരിച്ച് നൂതന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും അവയ്ക്ക് ഫണ്ട് ലഭ്യമാക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ദി ഡോണ്‍ ഓഫ് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍’ (ഡിപിഐ) എന്ന വിഷയത്തില്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്‍ബേര്‍ഡ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ജിടെക്ക് മ്യുലേണ്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഡിപിഐ ആവാസവ്യവസ്ഥയുടെ വ്യാപ്തിയും വിപുലമായ അവസരങ്ങളെയും വിശദമാക്കിയ അദ്ദേഹം ഇന്ത്യയില്‍ നയങ്ങള്‍ പരിഷ്കരിക്കുകയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
ആധാര്‍, പണമിടപാടുകള്‍ നടത്തുന്ന സംവിധാനമായ യുപിഐ എന്നിവയടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിപിഐ എന്നത്. ഉത്പന്ന നിര്‍മ്മാണത്തിലും സാങ്കേതിക നിപുണതയിലും വൈദഗ്ധ്യമുള്ള സംരംഭകര്‍ക്ക് ഡിപിഐ മേഖലയില്‍ കാര്യക്ഷമമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. സുസ്ഥിര സാമ്പത്തിക വികസനം നടപ്പാക്കുന്നതിനുള്ള സാധ്യതകളെ പറ്റി രാജ്യങ്ങള്‍ ആലോചിക്കുകയാണ്, അത് എങ്ങനെ നടപ്പാക്കാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ച് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
യുപിഐ ഇടപാടുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭാഷയാണെന്നും വോയ്സ് അധിഷ്ഠിത പേയ്മെന്റുകള്‍ നടപ്പാക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ക്കായിരിക്കും ഭാവിയില്‍ സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഐ പരിധിയിലേക്ക് ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ന് മുമ്പ് വരെ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരുടെ എണ്ണം 50 ദശലക്ഷത്തിന് താഴെയായിരുന്നു. 2023 എത്തിയപ്പോള്‍ 500 ദശലക്ഷം ആളുകള്‍ യുപിഐ ഉപയോഗിക്കുന്ന തലത്തിലെത്തി. ആളുകള്‍ കൂടുതലായി ഡിജിറ്റല്‍ സേവനങ്ങളുടെ പരിധിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ആധാറിനെ 100 കോടി ആളുകളിലേയ്ക്ക് അതിവേഗം എത്തിക്കാനായത് ലളിതമായ പ്രക്രിയയില്‍ അവതരിപ്പിച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 2010 ല്‍ ആരംഭിച്ച ആധാറിന് 1.39 ഉപയോക്താക്കളുണ്ട്. 70 മുതല്‍ 80 ദശലക്ഷം തവണ ദിവസവും ആധാര്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം ആധാര്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പദ്ധതി പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഡിപിഐ രംഗത്ത് വൈദഗ്ധ്യമുള്ള നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിന് സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളെയും അവസരങ്ങളെയും വിശദീകരിച്ച അദ്ദേഹം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുളള സേവനങ്ങളും ഉത്പന്നങ്ങളും സ്വീകരിക്കുമ്പോള്‍ പുതിയ ആശയങ്ങളെ വിശ്വസിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഡിപിഐ ഇന്‍കുബേറ്റര്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജിടെക് സെക്രട്ടറിയും റ്റാറ്റാ എല്‍എക്സ്ഐ സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, പ്രോട്ടീന്‍ ഇ ഗവ് ടെക്നോളജീസ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മീട്ടേഷ ഭാട്ടി, ഇവൈ ഇന്ത്യ കണ്‍സള്‍ട്ടിംഗ് ജിപിഎസ് ലീഡര്‍ രാഹുല്‍ റിഷി, ഇന്‍ഫോസിസ് വിംഗ്സ്പാന്‍ മേധാവിയും ഇന്‍ഫോസിസ് സീനിയര്‍ വൈസ് പ്രസിഡന്റുമായ തിരുമല അരോഹി മാമുനൂരു എന്നിവരും സംസാരിച്ചു.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്സ്ക്ലൂസിവ്)