പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെച്ചൊല്ലി സിപിഎം പ്രവർത്തകരായ ബന്ധുക്കളും കുടുംബാംഗങ്ങളും തമ്മിൽ വാക്കേറ്റം. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് (54) മരിച്ചത്. ആന്റോ ആന്റണി എംപി സ്ഥലത്തെത്തിയതോടെയാണു വാക്കേറ്റം രൂക്ഷമായത്.
അടൂർ ജനറൽ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗം കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഇന്നലെയാണു ശ്യാമളയെയാണു മാറ്റിയത്.ഇന്നു ശ്യാമള മരിച്ചതിനു പിന്നാലെ മകൾ യാമി പ്രതിഷേധവുമായെത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. തുടർന്ന് ആശുപത്രിയിലെത്തിയ ബന്ധുക്കളിൽ സിപിഎം പ്രവർത്തകരും ഉണ്ടായിരുന്നു.
അതേസമയം, കുടുംബാംഗങ്ങൾ വിവരം അറിയിച്ചിട്ടാണു സ്ഥലത്തെത്തിയതെന്ന ആന്റോ ആന്റണി എംപി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യമിട്ടാണ് എംപി എത്തിയത് എന്നാണു സിപിഎം പ്രവർത്തകരായ ബന്ധുക്കളുടെ ആരോപണം.