ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗം അവസാനിച്ചു. ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കുമെന്നാണ് സൂചനകൾ. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീര്‍ സിംങ് സന്ധു പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനുമാണ്.
കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കമ്മിഷണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു എന്നും എന്നാല്‍ ചുരുക്കപ്പട്ടിക നല്‍കിയില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാൽ അധീർ തീരുമാനത്തോട് വിയോജിച്ചു. തുടർന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനുമടക്കം സുപ്രധാന സർക്കാർ പദവികൾ സന്ധു നേരത്തെ വഹിച്ചിട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രാലയത്തിലും അമിത് ഷായുടെ നേതൃത്വത്തിലുള്ള സഹകരണ മന്ത്രാലയത്തിലും കുമാർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകൃയയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രണ്ട് നിയമനങ്ങളും കേന്ദ്രം നടത്തിയത്.