ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നല്‍കുന്ന സമിതി 18,000 പേജുകളുള്ള എട്ട് വോള്യങ്ങളായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അമിത് ഷാ, ഗുലാംനബി ആസാദ്, 15–ാം ധനകാര്യ കമ്മിഷന്‍ ചെയര്‍പേഴ്സണ‍് എന്‍.കെ. സിങ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയത്തെ അനുകൂലിക്കുന്ന തരത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരു നിയമസംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സമിതി ശിപാര്‍ശ ചെയ്തു.
ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്നും രണ്ടാം ഘട്ടമെന്ന നിലയില്‍ 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്നും സമിതി അതിന്റെ ഒരു ശുപാര്‍ശയില്‍ വ്യക്തമാക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സമിതി ശിപാര്‍ശ പ്രകാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.നിയമസഭകളുടെ കാലാവധി ഇതിനനുസരിച്ച് ക്രമീകരിക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ കാലാവധി കുറയ്ക്കേണ്ടിവരും.
വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും പഠനത്തിന്‍റെയും അടിസ്ഥാനത്തിലാണ് 18,626 പേജുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2023 സെപ്റ്റംബര്‍ രണ്ടിനാണ് സമിതിയെ നിയോഗിച്ചത്.