ഡാലസ്∙ കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതിനെ തുടർന്ന് ‘ഇരുമ്പ് ശ്വാസകോശത്തി’ന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന പോൾ അലക്സാണ്ടർ (78) ഡാലസിലെ ആശുപത്രിയിൽ അന്തരിച്ചു. കോവിഡ് രോഗനിർണയത്തെത്തുടർന്ന് അലക്സാണ്ടറിനെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അലക്സാണ്ടർ ദിവസത്തിന്‍റെ ഒരു ഭാഗം സ്വന്തമായി ശ്വസിക്കാൻ പരിശീലിപ്പിക്കാനാണ് ചെലവഴിച്ചിരുന്നത്. യന്ത്ര സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനിടെ നിയമ ബിരുദം നേടുകയും ജീവിതത്തെക്കുറിച്ച് പുസ്തകം എഴുതി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്തു. 1952-ൽ അലക്സാണ്ടറിന് 6 വയസ്സുള്ളപ്പോഴാണ് പോളിയോ പിടിപെട്ടത്. കഴുത്തിന് താഴെ തളർച്ച ബാധിച്ച് അലക്സാണ്ടർ പിന്നീട് ജീവൻ നിലനിർത്തുന്നതായി ഇരുമ്പ് ശ്വാസകോശം ഉപയോഗിക്കാൻ തുടങ്ങി. ടിക്ക് ടോക്കിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് അലക്സാണ്ടറിനുണ്ടായിരുന്നത്. കഴിഞ്ഞ 70 വർഷമായി പോൾ അലക്സാണ്ടർ ജീവൻ നിലനിർത്തിയിരുന്നത് ‘ഇരുമ്പ് ശ്വാസകോശത്തി’ന്‍റെ സഹായത്തോടെയായിരുന്നു.
∙ ഇരുമ്പ് ശ്വാസകോശം
യന്ത്രസഹായത്തോടെ ശ്വസനത്തെ ഉത്തേജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നെഗറ്റീവ് പ്രഷർ വെന്‍റിലേറ്ററാണ് ഇരുമ്പ് ശ്വാസകോശം. ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിന്‍റെ ഭൂരിഭാഗവും യന്ത്രത്തിനുള്ളിലായിരിക്കും . ഈ യന്ത്രം പേശികളുടെ നിയന്ത്രണം നഷ്‌ടപ്പെടുമ്പോഴും സ്വയം ശ്വാസം എടുക്കുന്നതിന് പ്രതിസന്ധി നേരിടുമ്പോഴും ജീവൻ നിലനിർത്താനായി ഉപയോഗിക്കാം. പോളിയോ , ബോട്ടുലിസം തുടങ്ങിയ രോഗം ബാധിച്ചവരാണ് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നത്. നിലവിൽ പുതിയ ചികിത്സാ രീതിയിൽ വ്യാപകമായതോടെ ഇരുമ്പ് ശ്വാസകോശം അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ