കോഴിക്കോട്:സഹപ്രവർത്തകർ തന്നെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുകയും അപകർത്തിപ്പെടുത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമാകുകയും ചെയ്ത സംഭവത്തിൽ 6 മാസം സ്മിജ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി.അവസാനം സഹപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .
ഐഐഎമ്മിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റർ ചെയ്തത്.കുന്ദമംഗലം ഐഐഎമ്മിലെ ഹൗസ് കീപ്പിങ് അസിസ്റ്റന്റ് സൂപ്പർവൈസർ ആയിരുന്ന കെ.സ്മിജ.സെപ്റ്റംബർ 20ന് രാവിലെ ഐഐഎമ്മിൽ ജോലിക്കെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരാണു തന്നെ പിരിച്ചുവിട്ടുവെന്ന കാര്യം അറിയിച്ചത്.
ലക്നൗവിലെ സ്വകാര്യ ഏജൻസിയാണു ശുചീകരണത്തിനും മറ്റുമുള്ള തൊഴിലാളികളെ നിയമിക്കുന്നത്.ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സഹപ്രവർത്തകയ്ക്കൊപ്പംനിന്നതാണു തനിക്കെതിരെ അപവാദ പ്രചാരണം നടത്താനും ജോലിയിൽനിന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടാനും കാരണമായതെന്നാണ് സ്മിജ പറയുന്നത്.
തുടർന്ന് മേലാധികാരികളോടു ചോദിച്ചെങ്കിലും ഇപ്പോൾ മാത്രമാണു പിരിച്ചുവിട്ട കാര്യം തങ്ങളും അറിയുന്നതെന്നായിരുന്നു മറുപടി. സ്മിജയെയും ഈ ഏജൻസിയാണു കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. 9 മാസം മാത്രമാണു സ്മിജ ജോലി ചെയ്തത്. 98 ശുചീകരണ തൊഴിലാളുകളുടെ ചുമതല സ്മിജയ്ക്കായിരുന്നു.
ഇതിൽ ഒരു തൊഴിലാളി ഒരു വർഷം മുൻപ് ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇവർ പരാതിയുമായി മുന്നോട്ടു പോകുകയായിരുന്നു. തുടർന്ന് ലൈംഗികാതിക്രമം നടത്തിയ ആളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സ്മിജയും ഹോസ്റ്റൽ വാർഡനായിരുന്നു ആളും മാത്രമാണ് അതിജീവിതയ്ക്കു പിന്തുണ നൽകിയതും കേസുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചതും. ഇതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്.
സ്മിജ സഹപ്രവർത്തകന്റെ കൂടെ ക്യാംപസിൽ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യം ശേഖരിച്ചു വളരെ മോശമായ രീതിയിൽ പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. വലിയ ക്യാംപസായതിനാൽ നടന്നുപോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പലരും സഹപ്രവർത്തകരുടെ വാഹനത്തിൽ കയറിയാണു പോകാറുള്ളത്. ഇങ്ങനെ ബൈക്കിൽ കയറിപ്പോയ ദൃശ്യം എടുത്താണ് നാട്ടിലെ വാട്സാപ് ഗ്രൂപ്പുകളിൽ മോശം കമന്റുകളോടെ പങ്കുവച്ചത്.
ക്യാംപസിലെ ഉന്നതരുടെ അറിവോടെ മാത്രമേ സിസിടിവി ദൃശ്യം ശേഖരിക്കാൻ സാധിക്കൂ എന്നാണ് സ്മിജ പറയുന്നത്. ഇതിനിടെ, പല ആരോപണങ്ങളും സ്മിജയ്ക്കെതിരെ ഉയർത്തിക്കൊണ്ടുവന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബറിൽ യാതൊരു മുന്നറിയിപ്പും നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
കൂടുതൽ ലീവ് എടുത്തുവെന്നാണു പിന്നീട് അധികൃതർ നൽകിയ വിശദീകരണം. സഹപ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ അതിജീവിതയും കഴിഞ്ഞ ജനുവരിയിൽ ജോലി രാജിവച്ചു. കരാർ പുതുക്കി നൽകാതെ ഫെബ്രുവരിയിൽ ഹോസ്റ്റൽ വാർഡനെയും പിരിച്ചുവിട്ടു.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- സ്ത്രീകൾക്ക് സർക്കാർ നൽകുന്ന തുക ഭിക്ഷയെന്ന് ഖുഷ്ബു:ചെരുപ്പ്കൊണ്ടടിച്ചും ഫോട്ടോ കത്തിച്ചും വ്യാപക പ്രതിഷേധം
സ്മിജ സൂപ്പർവൈസർക്കു പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഐഐഎമ്മിലെ ഡയറക്ടറെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസടുക്കാൻ തയാറായില്ല. ഇതിനിടെ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായി. സിഐ, കമ്മിഷണർ, ഐജി എന്നിവർക്കുൾപ്പെടെ പരാതി നൽകി. സൈബർ സെല്ലിൽ പരാതി നൽകിയപ്പോൾ കോടതിയെ സമീപിക്കാനാണു ലഭിച്ച മറുപടി. തുടർന്ന് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
അന്വേഷണം വന്നപ്പോൾ പഴയ റിപ്പോർട്ടാണ് എസിപി നൽകിയത്. കരാർ തീർന്നതുകൊണ്ടാണു പിരിച്ചുവിട്ടതെന്നാണ് ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. രണ്ടാമതും മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെയാണ് അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കാൻ തയാറായത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടശേഷം ആറ് മാസമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയായിരുന്നുവെന്നും ഇപ്പോൾ മാത്രമാണ് കേസെടുക്കാൻ തയാറായതെന്നും സ്മിജ പറഞ്ഞു.