തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.
മെഡിക്കൽ/എഞ്ചിനീയറിങ് പ്രഫഷണൽ കോഴ്‌സുകളിൽ ബിരുദ/ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ/ബിരുദാനന്തരമുള്ളവർക്കും മുൻഗണന നൽകും. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടികാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി 2024 ഏപ്രിൽ ഒന്നിന് 36 വയസ്.
ആകെ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത എണ്ണം അപേക്ഷകരെ അവരുടെ നിലവിലുള്ള അക്കാദമിക്ക് മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മുഖേന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. ഈ ക്ലാസ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.എസ്.ഇ.റ്റി.എസ് എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഉയർന്ന മാർക്കുള്ള 60 പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും ലിസ്റ്റിൽ ബാക്കിയുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ കുട്ടികളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന പരിശീലന പദ്ധതിയിൽ പങ്കെടുക്കുന്നതിനും അവസരം നൽകും. ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1500 രൂപ പോക്കറ്റ് മണി അനുവദിക്കും.
ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരിൽ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കുന്നതാണ്. 50 പേർക്ക് കേരളത്തിലെ അവർ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്താം. 10 പേർക്ക് കേരളത്തിന് പുറത്ത അവർ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നേടാൻ അവസരം നൽകും. ഐ.സി.എസ്.ഇ.റ്റി.എസ് പ്രിൻസിപ്പലിന്റെ പരിശോധനയുടേയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പ് തുക അനുവദിക്കുക. സ്കോളർഷിപ്പ് തുക സംബന്ധിച്ച വിശദ വിവരങ്ങൾ www.icsets.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓറിയന്റേഷൻ ക്ലാസ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കി എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്കക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട് , കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ- എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിൽ വച്ച് എഴുത്ത് പരീക്ഷ നടത്തും.
ഐ.സി.എസ്.ഇ.റ്റി.എസ്- ന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 27ന് വൈകീട്ട് അഞ്ച്. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അറിയിപ്പും അപേക്ഷയിൽ രേഖപ്പെടുത്തിയ ഇ- മെയിൽ വിലാസത്തിൽ അയയ്ക്കും. ഇത് സംബന്ധിച്ച മറ്റു തരത്തിലുള്ള അറിയിപ്പ് ലഭ്യമാക്കുന്നതല്ല. പ്രവേശന പരീക്ഷയും തുടർന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകൾക്ക് വെബ്സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 0471 2533272, 8547630004, 9446412579 വെബ്സൈറ്റ്: www.icsets.org, www.icsets@gmail.com
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ