കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പുതിയ നിയമനിർമ്മാണത്തിനെ എതിർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവുമായപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസമിലുള്ളതുപോലെ തടങ്കൽ പാളയങ്ങൾ ബംഗാളിന് ആവശ്യമില്ല. ലോക്സഭാ ഇലക്ഷന് മുമ്പുള്ള ഗിമ്മിക്കാണ് സിഎഎ ചട്ടം നടപ്പാക്കുന്നതിന് പിന്നിൽ എന്നും മമത ആരോപിച്ചു.
സിഎഎ നിയമങ്ങൾ നിലവിൽ വരുന്നതോടെ 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കും.
രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ മറികടന്ന് 2019 ഡിസംബറിലാണ് സിഎഎ പാസായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വിശദമാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. നിയമപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെതിരെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
















