ദില്ലി: കോസ്റ്റ്ഗാർഡിലെ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകാനാകില്ലെന്ന് കോസ്റ്റ്ഗാർഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാർഡ് വ്യക്തമാക്കിയത്. നിലവിലെ കപ്പലുകൾ വനിതാ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ലെന്നും കോസ്റ്റ് ഗാർഡ് കോടതിയെ അറിയിച്ചു. കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താൻ കോസ്റ്റ് ഗാർഡ് പ്രതിജ്ഞാബദ്ധമാണ്, എന്നാൽ, ഇതിനായി പുതിയ സൗകര്യങ്ങൾ ഒരുക്കണം. വനിതാ ഓഫീസർമാരുടെ സ്ഥിരം കമ്മീഷൻ നടപ്പാക്കാൻ നിരവധി പ്രവർത്തനങ്ങൾ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
ഈ കാര്യങ്ങൾ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാനാകുവെന്നും കോസ്റ്റ്ഗാർഡ് വിശദീകരിക്കുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സ്ഥിരം കമ്മീഷൻ കോസ്റ്റ്ഗാർഡിൽ നടപ്പാക്കാത്തിൽ കടുത്ത വിമർശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. നാരീശക്തിയെ കുറിച്ച് വാചകമടിച്ചാൽ പോരാ അത് നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി പറഞ്ഞിരുന്നു.
കരസേനയും നാവികസേനയും വനിതകൾക്ക് പെർമനന്‍റ് കമ്മീഷൻ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കോസ്‌റ്റ് ഗാർഡിന് മാത്രം മാറി നിൽക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇക്കാര്യം നടപ്പായില്ലെങ്കിൽ കോടതിക്ക് അത് നടപ്പാക്കാൻ കഴിയുമെന്ന മുന്നിറിയിപ്പും നൽകിയിരുന്നു. പ്രിയങ്ക ത്യാഗി എന്ന ഉദ്യോഗസ്ഥയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ കോസ്റ്റ്ഗാർഡിനോട് വിശദീകരണം തേടിയത്.