ന്യൂട്ടൺ സിനിമ നിർമ്മിച്ച് റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ ‘പാരഡൈസി’ൻ്റെ ട്രെയിലർ സംവിധായകൻ മണിരത്നം പ്രകാശനം ചെയ്തു. മണി രത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്. കലുഷിതമായ ചുറ്റുപാടുകളിൽ മറനീക്കി പുറത്തു വരുന്ന മനുഷ്യമനസ്സിന്റെ സങ്കീർണതകൾ വിഷയമാകുന്ന ചിത്രത്തിൻറെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു.
അഞ്ച് നെറ്റ്പാക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പത്തിലധികം രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ ചിത്രമാണ് ‘പാരഡൈസ്.’ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ മുൻനിര അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും, എ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ’യാണ്. തപസ് നായക്ക് ആണ് ശബ്ദസന്നിവേശം.
2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് ‘പാരഡൈസി’ന് പശ്ചാത്തലമാകുന്നത്. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാർഡ് നേടിയ ചിത്രത്തിന് 30 മത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘പ്രീ ദു ജൂറി ലീസിയൻ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ‘പാരഡൈസി’നുണ്ട്. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘പാരഡൈസ്.’
സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു. 2024 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും. ട്രെയിലർ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്