ഗസ്സ: വിശപ്പടക്കാൻ സഹായപ്പൊതികൾക്ക് കാത്തുനിൽക്കവേ ഇസ്രായേൽ അധിനിവേശ സേന വെടിവെച്ചു കൊന്ന ഗസ്സക്കാരുടെ എണ്ണം 400 ആയി. ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ ഇന്ന് രാവിലെ സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, ഫെബ്രുവരി അവസാനം തുടങ്ങിയ ഈ ക്രൂരകൃത്യത്തിൽ ഇതുവരെ 400 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.
പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം വിശപ്പകറ്റാൻ കാത്തുനിൽക്കുന്നവരെയാണ് ഇസ്രായേൽ സേന ലക്ഷ്യം വെക്കുന്നത്. ക്ഷാമവും നിർജലീകരണവും പട്ടിണിയും മൂലം ആളുകൾ മരിക്കുന്നതിന്റെ വാർത്ത പുറത്തുവരുന്നതിനിടെയാണ് സഹായ ട്രക്കുകൾക്കായി കാത്തിരിക്കുന്നവരെ വെടിവെച്ചിടുന്നത്.
ഇന്ന് രാവിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ ആളുകൾ ഭക്ഷണപ്പൊതികൾക്കായി കാത്തുനിൽക്കവേ, ചുറ്റും നിലയുറപ്പിച്ചിരുന്ന ഇസ്രായേലി ടാങ്കുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ 25 ഓളം പേരെ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more ….
- രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 72 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.