പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിഷേധം അണപൊട്ടി. മുസ്ലീം ലീഗ് നേതൃയോഗത്തിലാണ് ലീഗിലെ തലമുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ രോഷവും പ്രതിഷേധവും പുറത്തു വന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചെതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെട്ടന്ന് നടപ്പാക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം സത്യവാങ് മൂലം നല്‍കിയിരുന്നതാണ്.
വിഷയത്തില്‍ കേസുമായി മുന്നോട്ട് പോകും. സുപ്രീം കോടതി ഹര്‍ജി സ്വീകരിച്ചിട്ടുണ്ട്. എല്ലാവരുമായി ചര്‍ച്ച നടത്തി ഒറ്റക്കെട്ടായി നീങ്ങുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൗരത്വ നിയമം നടപ്പാക്കില്ലെന്ന നിലപാട് കേന്ദ്രം മാറ്റിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് നിയമവിരുദ്ധമാണ്. കേന്ദ്രത്തിന്റെ നീക്കം ദുരുദ്ദേശപരമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ശരിയല്ല. ഒരു പ്രത്യേക മതത്തിന് പൗരത്വം നല്‍കില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഒരേ നിലപാടുള്ള പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് എതിര്‍ക്കും. ഈ മാസം 17ന് ഇന്‍ഡ്യ മുന്നണി യോഗം ചേരും. കോണ്‍ഗ്രസ് ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്. കേന്ദ്ര നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇന്‍ഡ്യ മുന്നണി മൊത്തത്തില്‍ എതിര്‍ക്കും. കേരളത്തില്‍ ഓരോ കക്ഷികളും വെവേറെ നടത്തും. ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സിഎഎയ്ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. പുതിയ കേസുകള്‍ എടുക്കുന്നു എന്ന പരാതിയും ഉണ്ട്. ഇത് ഒരു മുസ്ലിം പ്രശ്നമല്ല. മതേതരത്വത്തെ ബാധിക്കുന്ന ഒന്നാണ്. കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കുകയാണ് ആവശ്യം.
ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരിക എന്നത് മാത്രമാണ് ഇതിനൊക്കെ ഒരു പരിഹാരമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകാരിക പ്രതികരണം ബിജെപിക്കാണ് ഗുണം ചെയ്യുക. ബുദ്ധിപരമായാണ് വിഷയം കൈകാര്യം ചെയ്യേണ്ടത്. നിയമസഭയില്‍ പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുടേത് കുടില രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സിഎഎ ഭരണഘടനാ വിരുദ്ധമാണ്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വിമര്‍ശിച്ചു.
പാര്‍ലമെന്റില്‍ എന്തുകൊണ്ട് നോട്ടിഫിക്കേഷന്‍ വെച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു. പാര്‍ലമെന്റ് നാല് കൊല്ലമായി അവിടെ തന്നെ ഉണ്ടായിരുന്നു. അവരുടെ കാപട്യം തുറന്ന് കാട്ടും എന്നത് കൊണ്ടാണ് നോട്ടിഫിക്കേഷന്‍ പാര്‍ലമെന്റില്‍ വെക്കാതെ ഇരുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൗരത്വം എന്നത് തന്നെ മതേതരമാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ലോകത്ത് എവിടെയും മതം പൗരത്വത്തിന് മാദണ്ഡമല്ലെന്ന് സമദാനി പറഞ്ഞു. ഭിന്നിപ്പ് ഉണ്ടാക്കുകയല്ല ഇടതുപക്ഷം ചെയ്യേണ്ടത്. അവര്‍ക്ക് ചെയ്യാന്‍ ഉള്ളത് ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആപത്ത് വരുമ്പോള്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഐഎന്‍എല്‍. എല്ലാ മണ്ഡലങ്ങളിലും ഇന്ന് രാത്രി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഐഎന്‍എല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയനീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. നാളെ കേരളത്തിലുള്ളവരും പൗരത്വം തെളിയിക്കേണ്ടി വരും. വിദേശത്ത് ജന്മം കൊള്ളുന്ന കുട്ടികളെ പോലും ഇത് ബാധിക്കുമെന്നും ഐഎന്‍എല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങള്ക്കേതിരെ പ്രതിഷേധം ഉയരണമെന്നും കേരളത്തില്‍ ഇത് നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മാതൃകാപരമാണെന്നും ഐഎന്‍എല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ സ്യൂട്ടില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗും ഡിവൈഎഫ്ഐയും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്കാന് കഴിയുകയെന്നതാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്