ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസില്‍ സെന്റര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസും മള്‍ട്ടി സ്പോര്‍ട്സ് കോപ്ലക്സ് കം ജിംനേഷ്യവും ആരംഭിക്കും. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങും. കാലടി മുഖ്യക്യാമ്പസിലെ ഭരണനിര്‍വ്വഹണ സമുച്ചയത്തില്‍ ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ച 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങള്‍. ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനര്‍ പ്രൊഫ. ഡി. സലിംകുമാര്‍ ബജറ്റ് അവതരിപ്പിച്ചു. 141.20 കോടി രൂപ വരവും 160.07 കോടി രൂപ ചെലവുമുളള 18.87 കോടി രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന മതനിരപേക്ഷതാ മൂല്യത്തെ അധികരിച്ചുള്ള പഠനവും മാനവമൈത്രി ആശയത്തിന്റെ സാമൂഹ്യപ്രചരണവും ലക്ഷ്യം വെച്ചുകൊണ്ട് പ്രത്യേക പഠന ഗവേഷണ കേന്ദ്രമായാണ് സെന്റര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസ് ആരംഭിക്കുന്നത്. ഭാഷ, മാനവികത, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ സ്ഥാപിക്കും. വിവിധ ഇന്‍ഡോര്‍ സ്പോര്‍ട്സ് ഇനങ്ങള്‍ നടത്തുന്നതിനായി ഒന്നരകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സ് കം ജിംനേഷ്യം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ 30 ലക്ഷം രൂപ വകയിരുത്തി. വിവിധ വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളെ കൈമാറ്റം ചെയ്യുന്ന ഇറാസ്മസ് പ്ലസ്, ഇറാസ്മസ് മുന്‍ഡസ് പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നതിനും മറ്റ് വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിനുമായി ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ സ്റ്റഡീസ് പദ്ധതിയ്ക്കായി 90 ലക്ഷം രൂപയും റിസര്‍ച്ച് ഫെലോഷിപ്പ് വിതരണത്തിനായി മൂന്ന് കോടി രൂപയും അനുവദിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുളള പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ടി. അനുബന്ധ സൗകര്യ വികസന പദ്ധതി (50 ലക്ഷം രൂപ), ലൈബ്രറി വികസനം (ഒരു കോടി രൂപ) എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികള്‍. സര്‍ക്കാര്‍ അനുമതി ലഭ്യമായ പരീക്ഷഭവന്റെ നിര്‍മ്മാണം നടപ്പുവര്‍ഷത്തില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യൂണിസ്പാര്ക്ക് അധിഷ്ഠിത ഭരണ സാമ്പത്തിക നിര്‍വ്വഹണ സംവിധാനം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു.
പദ്ധതിയേതര ധനസഹായമായി 7464.81 ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ പദ്ധതിയേതര ഇനത്തില്‍ 7908 ലക്ഷം രൂപയും പദ്ധതിയിനത്തില്‍ 2838ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തില്‍ 2838 ലക്ഷം രൂപയുടേയും പദ്ധതിയേതര ഇനത്തില്‍ 9795 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന് അധ്യക്ഷനായിരുന്നു.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്